തൃശ്ശൂര്‍: കൊടകരയില്‍ പഴയ താമസ കെട്ടിടം ഇടിഞ്ഞ് വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടു. (House collapses in Thrissur; three people trapped underground) ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
|
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ഇരുനില കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. 17 പേര്‍ ഇവിടെ താമസിക്കുന്നതായാണ് വിവരം.
മുര്‍ഷിദാബാദ് സ്വദേശികളാണ് മണ്ണിനടിയില്‍പ്പെട്ടത്. കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് 14 പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വാടകയ്ക്ക് നല്‍കിയിരുന്ന പഴയ വീടാണ് തകര്‍ന്നത്.
തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകാനായി വീടിന്റെ മുകള്‍ നിലയില്‍ നിന്ന് പടിയിറങ്ങുമ്പോഴായിരുന്നു കെട്ടിടം ഒന്നാകെ നിലംപൊത്തിയത്. നാല് വര്‍ഷമായി തങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വെട്ട്കല്ല് കൊണ്ട് നിര്‍മിച്ച പഴയ കെട്ടിടം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.


