തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ബ്രിട്ടീഷ് പോര്‍വിമാനം എഫ് 35 ബി ഒടുവില്‍ തിരിച്ചുപോയി.(UK fighter jet f35b flies back after 5 weeks) അഞ്ചാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തകരാറുകള്‍ പരിഹരിച്ച് പോര്‍വിമാനം ഇന്നു രാവിലെ തിരിച്ചുപോയത്. ബ്രിട്ടനില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ് വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ പരിഹരിച്ചത്.
|
ഇന്നലെയാണ് പോര്‍വിമാാനത്തിന് തിരിച്ചുപറക്കലിനുള്ള പച്ചക്കൊടി ലഭിച്ചത്. തുടര്‍ന്ന് ഇന്നുരാവിലെ വിമാനം പറന്നുയര്‍ന്നു. ഇന്ത്യന്‍ അധികൃതര്‍ക്കും എയര്‍പോര്‍ട്ട് സംഘങ്ങള്‍ക്കും ബ്രിട്ടീഷ് ഹൈക്കമീഷന്‍ വക്താവ് നന്ദി അറിയിച്ചു.
ജൂണ്‍ 14നായിരുന്നു എഫ്35ബി അടിയന്തര ലാന്‍ഡിങ് നടത്തിയത്. ബ്രിട്ടനില്‍ നിന്ന് ആസ്‌ത്രേലിയയിലേക്കു പറക്കവെ സാങ്കേതിക തകരാറുണ്ടാവുകയും ഏറ്റവും അടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് പോര്‍വിമാനം ഇറക്കുകയുമായിരുന്നു.
ജൂലൈ ആറിന് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധര്‍ തിരുവനന്തപുരത്തെത്തി തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇതു പരിഹരിച്ചതോടെയാണ് തിരിച്ചുപറക്കല്‍ സാധ്യമായത്. അതേസമയം പ്രതിദിനം 26000 രൂപ വീതം കഴിഞ്ഞ അഞ്ച് ആഴ്ചകളിലെ 9 ലക്ഷത്തിലേറെ രൂപയാണ് പോര്‍വിമാനത്തിന് വിമാനത്താവള അധികൃതര്‍ ഈടാക്കിയത്.
ഇക്കാലത്തിനിടെ കേരള വിനോദസഞ്ചാരവകുപ്പ് അടക്കം എഫ്35ബിയെ തങ്ങളുടെ പരസ്യവിഷയമാക്കുകയും ചെയ്തിരുന്നു. കേരളം മനോഹരമായ ഇടമാണെന്നും തനിക്കു തിരികെ പോവാനാഗ്രഹമില്ലെന്നുമുള്ള എഫ് 35ബിയുടെ ഫീഡ് ബാക്ക് ആയാണ് ഈ പരസ്യം നല്‍കിയിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






