24
Aug 2025
Sun
24 Aug 2025 Sun
election commission of India

വോട്ടര്‍പട്ടിക ക്രമക്കേടിനെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഉന്നയിച്ച ഗുരുതര ആക്ഷേപങ്ങള്‍ക്ക് കമ്മീഷന്‍ മറുപടി നല്‍കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

രാഹുല്‍ ഗാന്ധി ബീഹാറില്‍ വോട്ട് അധികാര്‍ യാത്ര തുടങ്ങുന്ന ഇന്നുതന്നെ കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചതാണ് നിര്‍ണായകം. നേരത്തെ വോട്ടര്‍പട്ടികയില്‍ അഞ്ചു ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്.

ALSO READ: 112 എന്ന നമ്പര്‍ ഓര്‍ത്തുവച്ചോ; ഏത് അടിയന്തര ഘട്ടത്തിലും കൂടെയുണ്ടാവും; എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരം

എന്നാല്‍, കരടു വോട്ടര്‍പട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയ ശേഷമാണ് അന്തിമരൂപം നല്‍കുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. ഡിജിറ്റലായും കരടു വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സമയത്ത് പരിശോധിച്ചെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു എന്ന് കമ്മീഷന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ബിഹാറിലെ സസാറാമില്‍ ഇന്ന് തുടക്കം. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു റാലിയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തോട് ഏത് രീതിയില്‍ പ്രതികരിക്കുമെന്നും കണ്ടറിയണം.

ഈ മാസം ഏഴാം തീയതിയാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചത്. ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ കയറിക്കൂടിയതായും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ വലിയ തിരിമറികള്‍ നടത്തുന്നതായും രാഹുല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് കാര്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.