24
Aug 2025
Sat
24 Aug 2025 Sat
DHARMASTHALA SUJATHA

മംഗളൂരു: ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയത് വ്യാജമാണെന്ന് പറഞ്ഞ സുജാത വീണ്ടും മലക്കം മറിഞ്ഞു. പരാതി വ്യാജമെന്ന് പറഞ്ഞത് ചിലരുടെ സമ്മര്‍ദ്ദ ഫലമായാണെന്നാണ് സുജാതയുടെ ഏറ്റവും പുതിയ മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2003ല്‍ മകള്‍ അനന്യ ഭട്ടിനെ കാണാതായെന്നായിരുന്നു സുജാതയുടെ നേരത്തേയുള്ള മൊഴി. ധര്‍മ്മസ്ഥലയിലെ കൂട്ടകൊലപാതകം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്ന സമയത്താണ് സുജാത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, മകളെ കാണാതായതുമായി ബന്ധപ്പെട്ട തന്റെ കഥ വ്യാജമാണെന്നാണ് വ്യാഴാഴ്ച്ച ഒരു യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.

ക്ഷേത്രം അധികാരികളുമായി തനിക്ക് ഭൂമിതര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി വ്യാജ ആരോപണം ഉന്നയിക്കാന്‍ ചിലര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിനാലാണ് ആരോപണം ഉയര്‍ത്തിയത്. ആക്ടിവിസ്റ്റുകളായ ഗിരിഷ് മട്ടാന്നവാര്‍, ടി.ജയന്തി എന്നിവരാണ് കള്ളക്കഥ പറയാന്‍ നിര്‍ബന്ധിച്ചത്. താന്‍ ആരില്‍ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഒപ്പില്ലാതെ ഭൂമി തട്ടിയെടുക്കുകയാണ് ഉണ്ടായത്. തനിക്ക് അനന്യ ഭട്ട് എന്ന പേരില്‍ ഒരു മകള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു. ഇന്‍സൈറ്റ് റഷ് എന്ന ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്.

ALSO READ: ധര്‍മസ്ഥലയില്‍ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു; ആരോപണങ്ങള്‍ വ്യാജമെന്ന് പോലീസ്

എന്നാല്‍, ഇന്ന് രാവിലെയോടെ സുജാത വീണ്ടും മൊഴി മാറ്റി. സ്വത്ത് തര്‍ക്കം കാരണമാണ് താന്‍ പരാതി നല്‍കിയതെന്ന് പറയാന്‍ യുട്യൂബ് ചാനല്‍ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങിനെ ചെയ്താല്‍ അവര്‍ സഹായിക്കാമെന്നും പറഞ്ഞു. അനന്യ ഭട്ട് തന്റെ മകള്‍ തന്നെയാണ്. അങ്ങിനെയൊരു മകളില്ലെന്ന് പറയാന്‍ അവര്‍ നിര്‍ബന്ധിച്ചതാണ്. ദയവ് ചെയ്ത് ഇതൊന്ന് നിര്‍ത്തണം. ഞാന്‍ എസ്‌ഐടിക്ക് മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും സുജാത പറഞ്ഞു.

സ്വത്ത് തര്‍ക്കമുണ്ട്. എന്നാല്‍, അതും ഈ പരാതിയുമായി ബന്ധമില്ല. രണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കരുതെന്നും സുജാത പറഞ്ഞു.

അതേസമയം, ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളിയെ ഇന്ന് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വഷണ സംഘമാണ് ഇയാളെ (എസ്‌ഐടി) അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി.എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. ഇയാളുടെ മൊഴികളില്‍ വൈരുധ്യമുള്ളത് കൊണ്ടാണ് അറസ്റ്റെന്നാണ് എസ്‌ഐടി പറയുന്നത്.