സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറി സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞ യുവതി അറസ്റ്റില്‍. കണ്ണൂര്‍ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മടം നടുവിലത്തറ എന്‍ ആയിഷ(41) ആണ് പിടിയിലായത്.
|
മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍നിന്നാണ് യുവതി പന്ത്രണ്ടാം തീയതി മൂന്നു ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല മോഷ്ടിച്ചത്. മോതിരം നോക്കാനെന്ന വ്യാജേന ജീവനക്കാരിയുടെ ശ്രദ്ധ തിരിച്ച ആയിഷ മേശപ്പുറത്തു വച്ചിരുന്ന ട്രേയില്‍ നിന്ന് ഒരു മാല വിദഗ്ധമായി കൈക്കലാക്കുകയും തുടര്‍ന്ന് ഒന്നും വാങ്ങുന്നില്ലെന്ന് പറഞ്ഞ് കടന്നുകളയുകയുമായിരുന്നു. സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല കൊണ്ടുപോയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷ് മാഹി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടില്‍നിന്നു യുവതിയെ പിടികൂടിയത്. എന്നാല്‍, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയില്‍ വിറ്റുവെന്നാണ് ആയിഷ മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തിയ പോലീസ് മാല ഇവിടെ നിന്നു കണ്ടെടുത്തു. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ALSO READ: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി; പീഡിപ്പിച്ചു കൊന്ന അധ്യാപകന്‍ അറസ്റ്റില്‍





