ജിദ്ദ: ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍-7 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് ജിദ്ദയില്‍ തുടക്കമാകും. ഇ ടി മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. ജിദ്ദ മഹ്ജര്‍ എംപറര്‍ സ്റ്റേഡിയത്തിലാണ് സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള വാരാന്ത്യങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറുക.
|
ജിദ്ദ കണ്ടതില്‍ വച്ചേറ്റവും വലിയ പ്രൈസ് മണിയായ 35,000 റിയാല്‍ വിജയികള്‍ക്ക് സമ്മാനിക്കും. രണ്ടു പൂളുകളിലായിട്ടാണ് മത്സരം. ആദ്യ വിഭാഗത്തില്‍ സൗദിയിലെ 8 മേജര്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം നടക്കും. രണ്ടാം വിഭാഗത്തില്‍ ജിദ്ദ കെഎംസിസിക്കു കീഴിലെ 7 ജില്ലാ കമ്മിറ്റി ടീമുകളുടെ മത്സരങ്ങള്‍ നടക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചു ഇന്ന് വൈകീട്ട് അഞ്ചിന് ജിദ്ദ മഹ്ജര്‍ എമ്പറര്‍ സ്റ്റേഡിയത്തില്‍ സാംസ്‌കാരിക പ്രകടനങ്ങള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടു കൂടി വന്‍ ജനപങ്കാളിത്തത്തോടെ നടക്കുന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരിക്കും. ഒക്ടോബര്‍ 10 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലുമാണ് തുടര്‍ന്നുള്ള മല്‍സരങ്ങള്‍ നടക്കുക.
ഒക്ടോബര്‍ 10 നു രണ്ടു പൂളുകളുടെയും ഫൈനല്‍ മത്സരങ്ങളും സമാപന ആഘോഷ പരിപാടികളും ഉണ്ടായിരിക്കും. മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജിദ്ദ കെഎംസിസിയുടെ വിവിധ ഘടകങ്ങള്‍ വിവിധ കലാ കായിക പരിപാടികള്‍, സോഷ്യല്‍ മീഡിയ പ്രചാരണം, സമ്മാന കൂപ്പണുകള്‍ വഴിയുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്.
ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് എ കെ ബാവ, ജനറല്‍ സെക്രട്ടറി വി പി മുസ്തഫ, ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, ഭാരവാഹികളായ ഷൗക്കത്ത് ഞാറക്കോടന്‍, സുബൈര്‍ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി എന്നിവര്‍ പങ്കെടുത്തു.
ട്രോഫി അനാച്ഛാദന, ഫിക്‌സചര്‍ റിലീസിങ് ചടങ്ങിന് ആക്ടിങ് പ്രസിഡന്റ് എ കെ ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി പി മുസ്തഫ സ്വാഗതം പറഞ്ഞു. ജെഎന്‍എച്ച് മാനേജിങ് ഡയറക്ടര്‍ വി പി മുഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു, സ്വിഫ് പ്രസിഡണ്ട് ബേബി നീലാംമ്പ്ര, നിസാം മമ്പാട്, നാസര്‍ വെളിയങ്കോട്, ഹക്കീം പാറക്കല്‍, ഷിബു തിരുവനന്തപുരം, കെ ടി എ മുനീര്‍, ഇസ്മായില്‍ മുണ്ടകുളം, സി കെ എ റസാഖ് മാസ്റ്റര്‍, സി എ ച് ബഷീര്‍, സക്കറിയ ആരളം, പ്രധാന സ്‌പോണ്‌സര്‍മാരായ സിബില്‍ എബിസി കാര്‍ഗോ, മുസ്തഫ മൂപ്ര വിജയ് മസാല, സുനീര്‍ അല്‍ അര്‍കാസ് ആശംസകള്‍ അര്‍പ്പിച്ചു.
വിവിധ ടീം മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ നറുക്കെടുത്തു ഫിക്‌സ്ചര്‍ റിലീസിങ് നടത്തി. ഉദ്ഘാടന മത്സരത്തില്‍ വയനാട് ജില്ലാ കെഎംസിസി ടീം, തെക്കന്‍ ജില്ലകളുടെ കൂട്ടായ്മയായ സൗത്ത് സോണ്‍ കെഎംസിസി ടീമുമായി മത്സരിക്കും. തുടര്‍ന്ന് ക്ലബ് വിഭാഗത്തില്‍ ടീം അല്‍അബീര്‍ എക്‌സ്പ്രസ്സ്, ഫൈസലിയ എഫ് സി യുമായി മത്സരിക്കും. ആദ്യ ദിവസത്തിലെ അവസാന മത്സരത്തില്‍ ബിറ്റ്‌ബോള്‍ട്ട് എഫ്.സി, എന്‍കോണ്‍ഫോര്‍ട്‌സ് എഫ് സിയുമായി മത്സരിക്കും.
സുബൈര്‍ വട്ടോളി ബൈലോ അവതരിപ്പിച്ചു. ഫിക്‌സ്ചര്‍ റിലീസിങ്ങിന് ഷൗക്കത്ത് ഞാറക്കോടന്‍, ഇസ്ഹാഖ് പൂണ്ടോളി, അബു കട്ടുപ്പാറ, ഫത്താഹ് താനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഷ്റഫ് താഴേക്കോട് നന്ദി പറഞ്ഞു.


