10
Oct 2025
Fri
10 Oct 2025 Fri
frog

ബീജിങ്: ചൈനയില്‍ നടുവേദന മാറാന്‍ ജീവനോടെ എട്ട് തവളകളെ വിഴുങ്ങിയ 82കാരി ആശുപത്രിയില്‍. കിഴക്കന്‍ ചൈനയിലാണ് സംഭവം. കടുത്ത നടുവേദന മാറാന്‍ അശാസ്ത്രീയമായ നാടന്‍ ചികിത്സാരീതി പരീക്ഷിച്ചതാണ് വയോധിക.

whatsapp നടുവേദന മാറാന്‍ 82കാരി ജീവനോടെ വിഴുങ്ങിയത് എട്ട് തവളകളെ; ഒടുവില്‍ സംഭവിച്ചത്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറച്ചു കാലമായി ഒരു നട്ടെല്ലില്‍ ഡിസ്‌ക് തകരാറുമായി പ്രയാസപ്പെടുകയായിരുന്നു ഷാങ്. ജീവനുള്ള തവളകളെ വിഴുങ്ങിയാന്‍ നടുവേദന മാറുമെന്നായിരുന്നു അവരുടെ വിശ്വാസം. ഇതിനെക്കുറിച്ച് കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നില്ല.

ഷാങ് തനിക്ക് തവളകളെ വേണമെന്ന് പറഞ്ഞതിനാല്‍ കുടുംബാംഗങ്ങള്‍ കാര്യമറിയാതെ അവയെ പിടികൂടി നല്‍കി. ആദ്യ ദിവസം തന്നെ തവളകളില്‍ മൂന്നെണ്ണത്തിനെ ഷാങ് വിഴുങ്ങി. അടുത്ത ദിവസം അഞ്ചെണ്ണം. എല്ലാ തവളകള്‍ക്കും ഒരു കൈപ്പത്തിയോളം വലുപ്പമുണ്ടായിരുന്നു.

കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ എട്ട് തവളകളെ വിഴുങ്ങിയതിന്റെ ഫലം ഷാങ്ങിന്റെ ശരീരത്തില്‍ പ്രകടമായി തുടങ്ങി. തുടക്കത്തില്‍, നേരിയ അസ്വസ്ഥതയായിരുന്നു. എന്നാല്‍, അടുത്ത കുറച്ച് ദിവസങ്ങളില്‍ വേദന വഷളായി. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് കുടുംബാംഗങ്ങള്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: വെടിനിര്‍ത്തല്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ 200 യുഎസ് സൈനികര്‍ ഇസ്രായേലിലേക്ക്

ഡോക്ടര്‍മാര്‍ക്ക് ആദ്യമൊന്നും വേദനയുടെ കാരണം പിടികിട്ടിയില്ല. ഷാങ്ങിനെ പരിശോധിച്ച ഡോക്ടര്‍മാര്‍, പ്രാഥമികമായി വയറുവേദനയ്ക്ക് കാരണമായ ട്യൂമറുകളോ മറ്റ് ഗുരുതര രോഗങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തി. വിശദമായ പരിശോധനകളില്‍, വലിയ തോതിലുള്ള പരാദബാധയും അണുബാധയും സ്ഥിരീകരിച്ചു.

ജീവനുള്ള തവളകളെ വിഴുങ്ങിയതാണ് പരാദബാധയ്ക്ക് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ”തവളകളെ വിഴുങ്ങുന്നത് രോഗിയുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും സ്പാര്‍ഗനം ഉള്‍പ്പെടെയുള്ള ചില പരാദങ്ങള്‍ അവളുടെ ശരീരത്തില്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്തു,” ഡോക്ടര്‍ പറഞ്ഞു. കൃത്യ സമയത്ത് ചികിത്സ ലഭിച്ചതിനാല്‍ ഷാങ്ങിന് രോഗമുക്തി നേടാന്‍ കഴിഞ്ഞു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാങ് ആശുപത്രി വിട്ടത്.

ഷാങ്ങിന്റേതിന് സമാനമായ കേസുകള്‍ ചൈനയില്‍ അസാധാരണമല്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം അശാസ്ത്രീയമായ ചികിത്സാ രീതികള്‍ എത്രത്തോളം അപകടകരമാണെന്ന് ഡോ. വു സോങ്വെന്‍ ഓര്‍മ്മിപ്പിക്കുന്നു.

തവളയുടെ തൊലി ചര്‍മ്മത്തില്‍ പുരട്ടുന്നത് പോലും അപകടമാണ്. തവളത്തോല്‍ ശരീരത്തില്‍ പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരമാണെന്ന് വിശ്വസിക്കുന്നവര്‍ ചൈനയിലുണ്ട്. എന്നാല്‍, ഇതിന് ശാസ്ത്രീയ പിന്‍ബലമില്ല. നേരെമറിച്ച്, ഇത് കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് പരാദങ്ങളെ ശരീരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും കാഴ്ച വൈകല്യം, അണുബാധ, ജീവന് ഭീഷണിയായ അവസ്ഥകള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വു കൂട്ടിച്ചേര്‍ത്തു.