02
Oct 2025
Wed
02 Oct 2025 Wed
Kerala rain

Kerala weather alert: Chance of heavy rain തുലാവര്‍ഷപ്പെയ്ത്തില്‍ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാവര്‍ഷം കനക്കും
അതേസമയം, കേരളത്തില്‍ ഇക്കുറി തുലാവര്‍ഷം കനക്കാനാണ് സാധ്യത. തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അറബിക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്നതും മഴ കനക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലവിലുള്ള ചക്രവാത ചുഴി അറബിക്കടലില്‍ കേരള തെക്കന്‍ കര്‍ണാടക തീരത്തിന് സമീപം ഞായറാഴ്ചയോടെ എത്തിച്ചേര്‍ന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.