11
Oct 2025
Wed
11 Oct 2025 Wed
SAUDI SKY STADIUM

SAUDI WORLD CUP SKY STADIUM ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരവും സമാധാനപൂര്‍ണവുമായ ടൂര്‍ണമെന്റിന് ആതിഥ്യമരുളിയ ഖത്തറിനെ കടത്തിവെട്ടുമോ സൗദി അറേബ്യ? 2034 ല്‍ മധ്യപൂര്‍വേഷ്യയിലേക്ക് വീണ്ടും കാല്‍പ്പന്ത് മാമാങ്കം വിരുന്നെത്തുമ്പോള്‍ കൗതുകങ്ങളുടെ കലവറയാണ് സൗദി ഒരുക്കിവച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അത്രമാത്രം, അവിശ്വസനീയമായ വാര്‍ത്തകളാണ് സൗദിയില്‍ നിന്നുമെത്തുന്നത്. സൗദിയിലെ ഓരോ കളിമുറ്റവും അതിശയിപ്പിക്കുന്ന അനുഭവമാവുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. അതിനിടയിലാണ്, ഇപ്പോള്‍ ആകാശത്ത് പണിയാന്‍ ഒരുങ്ങുന്ന ഫുട്ബാള്‍ സ്റ്റേഡിയം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സൗദിയുടെ അത്ഭുത നഗരമായ നിയോമിലാണ് ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് വാര്‍ത്ത. നിയോ സ്റ്റേഡിയം എന്ന പേരില്‍ 1150 അടി ഉയരെ (350 മീറ്റര്‍ ഉയരത്തില്‍) നിര്‍മിക്കുന്ന ഈ കളിമൈതാനത്തിന് 100 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

2027ല്‍ നിര്‍മാണം ആരംഭിക്കുന്ന നിയോം സ്റ്റേഡിയം ലോകകപ്പിന് കിക്കോഫ് കുറിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 2034ല്‍ പൂര്‍ത്തിയാക്കും. ഗ്രൂപ്പ് റൗണ്ടും പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടര്‍ ഫൈനലും ഉള്‍പ്പെടെ ലോകകപ്പിലെ മത്സരങ്ങള്‍ക്കും വേദിയാകുമെന്ന് കരുതുന്ന സ്റ്റേഡിയത്തിലെ ഇരിപ്പിട ശേഷി 46,000മാണ്.

2024 ഡിസംബറില്‍ നിയോം ‘എക്‌സ്’ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ തന്നെ 350 മീറ്റര്‍ ഉയരെ അതുല്യമായൊരു സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫിഫ സമര്‍പ്പിച്ച സൗദിയുടെ ബിഡ് ബുക്കിലും നിയോം സ്റ്റേഡിയം ലോകത്തെ ഏറ്റവും സവിശേഷമായ ഒന്നായിരിക്കുമെന്ന് അവകാശപ്പെടുന്നു. മരച്ചില്ലകള്‍ക്കിടയില്‍ നില്‍ക്കുന്ന കിളിക്കൂടിന്റെ മാതൃകയില്‍ ഒരുങ്ങുന്ന സ്റ്റേഡിയം അതുല്ല്യ അനുഭവമായിരിക്കുമെന്നാണ് വിശദീകരിക്കുന്നത്.

എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഗ്രാഫിക് വീഡിയോയിലൂടെയാണ് നിയോം സ്റ്റേഡിയത്തിലെ യഥാര്‍ത്ഥ രൂപം പുറത്തെത്തുന്നത്. അതിന് പിന്നാലെ അനുകൂലിച്ചും സംശയം പ്രകടിപ്പിച്ചും ആരാധകരുമെത്തി.

ഇത്രയും ഉയരത്തില്‍ ലോകകപ്പ് പോലൊരു വലിയ കളി എങ്ങനെ നടക്കുമെന്നാണ് പലരുടെയും ചോദ്യം. കൂറ്റന്‍ കെട്ടിടത്തിന് മുകളിലെന്ന പോലെയാണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തിലായതിനാല്‍ കളിക്കാരുടെ പ്രയാസവും, വലിയ തോതില്‍ കാണികള്‍ എങ്ങനെ മുകളിലെത്തുമെന്നുമെല്ലാം ചോദ്യങ്ങളുയരുന്നു.

അതേസമയം, അതിവേഗം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ക്കും സൗകര്യങ്ങള്‍ക്കുമിടയില്‍ പുതിയ ആശയത്തെ ഗംഭീരം എന്ന് വിശേഷിപ്പിച്ച് കൈയടിക്കുന്നവരുമുണ്ട്.