ബിജെപിക്ക് പകരം കോണ്‍ഗ്രസാണ് രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നതെങ്കില്‍ ആര്‍എസ്എസിന്റെ വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നുവെന്ന് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത്.
നയങ്ങളെയും നിലപാടുകളെയുമാണ് ആര്‍എസ്എസ് പിന്തുണയ്ക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികളെയല്ലെന്നും ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാഗവത് അവകാശപ്പെട്ടു.
|
”ഞങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നില്ല. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുമില്ല. രാഷ്ട്രീയം വിഭജിക്കലിന്റേതാണ്. സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്. രാഷ്ട്രീയത്തെയല്ല, നയങ്ങളെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. ഉദാഹരണത്തിന്, രാമക്ഷേത്രം വേണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. ബിജെപിയാണ് അതിനൊപ്പം നിന്നത്. രാമക്ഷേത്രം എന്ന ആശയത്തിനൊപ്പം കോണ്‍ഗ്രസാണ് നിന്നിരുന്നതെങ്കില്‍ സ്വയംസേവകരുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചേനെ” അദ്ദേഹം പറഞ്ഞു.
”ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയോട് സംഘപരിവാറിന് പ്രത്യേക അടുപ്പമില്ല. സംഘ് പാര്‍ട്ടി എന്ന ഒന്നില്ല. എല്ലാം ഭാരതത്തിലെ പാര്‍ട്ടികളായതിനാല്‍ എല്ലാ പാര്‍ട്ടികളും ഞങ്ങളുടേതാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുകളുണ്ട്. ഈ രാജ്യം ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന ധാരണയുണ്ട്. ആ ദിശയിലേക്ക് രാജ്യത്തെ നയിക്കാന്‍ കഴിവുള്ളവരെ ഞങ്ങള്‍ പിന്തുണയ്ക്കും” മോഹന്‍ ഭാഗവത് പറഞ്ഞു.
മുസ്‌ലിംകള്‍ക്ക് ആര്‍എസ്എസില്‍ ചേരാന്‍ അനുവാദമുണ്ടോയെന്ന ചോദ്യത്തിന് മോഹന്‍ ഭാഗവത് നല്‍കിയ ഉത്തരം ഇങ്ങനെ; ”സംഘപരിവാറില്‍ ചേരാന്‍ ബ്രാഹ്‌മണര്‍ക്ക് അനുവാദമില്ല, ഒരു ജാതിയിലും പെട്ട ആളുകള്‍ക്ക് അനുവാദമില്ല. മുസ്‌ലിംകള്‍ക്ക് അനുവാദമില്ല. ക്രിസ്ത്യാനികള്‍ക്കും അനുവാദമില്ല. നിങ്ങള്‍ ശാഖയിലേക്കു വരുമ്പോള്‍ ഭാരതമാതാവിന്റെ പുത്രനായിട്ടാണ് വരുന്നത്. വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക്, അവര്‍ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ ആകട്ടെ, അവരുടെ വേര്‍തിരിവ് ഒഴിവാക്കിക്കൊണ്ട് സംഘത്തിലേക്ക് വരാം. മുസ്‌ലിംകളും ക്രിസ്ത്യാനികളും ശാഖയിലേക്കു വരുന്നു. എന്നാല്‍, അവര്‍ ആരാണെന്നു ഞങ്ങള്‍ ചോദിക്കുന്നില്ല” മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.





