കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് കയറി. ഗുരുതരമായി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണു (27) മരിച്ചത്.
|
ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിര്‍ദിശയില്‍ വന്നിരുന്ന കാറില്‍ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര.
ALSO READ: പിവി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്
കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു. റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെവിആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.


