വ്യത്യസ്ഥ കഥാ പശ്ചാത്തലമുള്ള മൂന്ന് മലയാള ചിത്രങ്ങള്‍ ഈ ആഴ്ച ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ എത്തും. ചലചിത്രമേളകളിലെ ഹിറ്റ് ചിത്രം ഫെമിനിച്ചി ഫാത്തിമ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാന്തയുടെ മലയാളം പതിപ്പ്, ദിവ്യ പിള്ള പ്രധാന വേഷത്തില്‍ എത്തിയ അന്ധകാര എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്ന ചിത്രങ്ങള്‍.
|
ഫെമിനിച്ചി ഫാത്തിമ
ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ഫെമിനിച്ചി ഫാത്തിമ നിരവധി ചലചിത്രമേളകളിലും പിന്നീട് തിയറ്ററിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ഇപ്പോള്‍ ഒ.ടി.ടിയില്‍ എത്താന്‍ ഒരുങ്ങുന്നത്. ഷംല ഹംസ, കുമാര്‍ സുനില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2025 ഒക്ടോബര്‍ 10ന് തിയറ്ററുകളില്‍ എത്തിയ ചിത്രം സിസംബര്‍ 12ന് മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും തമര്‍ കെവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.
കാന്ത
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് കാന്ത. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ഡിസംബര്‍ 12ന് സ്ട്രീം ചെയ്യുമെന്നാണ് വിവരം. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ലഭ്യമാകും. 1950കളിലെ മദ്രാസിലെ സൂപ്പര്‍സ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് ‘കാന്ത’ പറയുന്നത്. സ്പിരിറ്റ് മീഡിയ, വേഫെറര്‍ ഫിലിംസ് ബാനറുകളില്‍ റാണ ദഗ്ഗുബതിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
അന്ധകാര
ദിവ്യ പിള്ള പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് അന്ധകാര. വസുദേവ് സനല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗര്‍, മറീന മൈക്കല്‍,സുധീര്‍ കരമന, കെ.ആര്‍. ഭരത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഏസ് ഓഫ് ഹാര്‍ട്ട്‌സ് സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാര നിര്‍മിച്ചത്. പ്രിയം, ഗോഡ്സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനാണ് വാസുദേവ് സനല്‍. ക്രൈം ത്രില്ലര്‍ ഴോണറിലുള്ള ചിത്രം ഡിസംബര്‍ 12 മുതല്‍ സണ്‍ നെക്സ്റ്റില്‍ സ്ട്രീമിങ് ആരംഭിക്കും.





