12
Dec 2025
Wed
12 Dec 2025 Wed
Ganesh Kumar s reply to Mayor V V Rajesh over 113 electric busses

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുത്തതിനു പിന്നാലെ തുടങ്ങിയ വാക്‌പോര് പുതിയ തലത്തിലേക്ക്. കേന്ദ്രം വാങ്ങി നല്‍കിയ 113 ഇലക്ട്രിക് ബസ്സുകള്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ എന്ന് ഈ 113 ഇലക്ട്രിക് ബസ്സുകളും ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ വി വി രാജേഷ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയുമായി ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രംഗത്തുവന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം മേയര്‍ ആവശ്യപ്പെട്ടാല്‍ 113 ബസ്സുകളും അവര്‍ പറയുന്ന സ്ഥലത്ത് 24 മണിക്കൂറിനുള്ളില്‍ എത്തിക്കും. ബസ്സുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇവ പണിയുന്ന വര്‍ക് ഷോപ്പുമൊക്കെ സര്‍ക്കാരിന്റേതാണ്. തുടര്‍ന്ന് ഈ ബസ്സുകള്‍ തങ്ങളുടെ ഡിപ്പോകളില്‍ കയറ്റില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ബസ്സുകള്‍ ആവശ്യപ്പെട്ട് തന്നെ വിളിക്കേണ്ട കാര്യമില്ല. സിഎംഡിക്ക് ഒരു കത്ത് നല്‍കിയാല്‍ മാത്രം മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈ ബസ്സുകള്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതു പോലെ കോര്‍പറേഷന് നടത്താമെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു.

ഇതിനു പകരം 250 ബസ്സുകള്‍ കെഎസ്ആര്‍ടിസി സിറ്റിയില്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷന്‍ ബസ്സുകള്‍ വാങ്ങിയത് കേന്ദ്ര പദ്ധതിയില്‍ എന്ന് പറയാന്‍ കഴിയില്ല. പദ്ധതിയുടെ 60% വിഹിതവും സംസ്ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോര്‍പറേഷന്‍ ഈ രീതിയില്‍ വാങ്ങിയതാണ്. മൂന്നു പാര്‍ട്ടികളുമായുള്ള എഗ്രിമെന്റാണ്. കോര്‍പറേഷനിലെ കെഎസ്ആര്‍ടിസി വേറൊരു ജില്ലയിലും ഓടുന്നില്ല. ഒരു കോടി രൂപയ്ക്കു മുകളിലാണ് ഇലക്ട്രിക് ബസ്സിന്റെ വില.

സങ്കീര്‍ണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയില്‍ നിലവില്‍ ഓടിക്കുന്നില്ല. ബസ്സിന്റെ ബാറ്റി മാറ്റിവയ്ക്കാന്‍ 28 ലക്ഷം രൂപ വേണമെന്നും അടുത്ത വര്‍ഷം ബസ്സുകള്‍ക്ക് ബാറ്ററി മാറ്റിവയ്‌ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ബസ്സുകള്‍ എത്തിയപ്പോള്‍ ബാറ്ററി ശേഷിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടപ്പോഴാണ് ടെക്‌നീഷ്യന്‍മാരെ അയച്ച് ഇതു കുറച്ചെങ്കിലും പരിഹരിച്ചു തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ ഡീസല്‍ ബസ്സുകള്‍ വാങ്ങാന്‍ 28 ലക്ഷം രൂപ മാത്രം മതിയെന്നും
മന്ത്രി പറഞ്ഞു.

ഇ-ബസ്സുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇവ ഉടന്‍ തിരിച്ചെത്തിക്കണമെന്നുമാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ഇ ബസ്സുകള്‍ മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസ്സുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും കോര്‍പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ ആവശ്യപ്പെട്ടിരുന്നു. കരാര്‍ മാറ്റാന്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് അധികാരമില്ല. ബസ്സുകള്‍ കേന്ദ്രം തിരുവനന്തപുരം കോര്‍പറേഷന് നല്‍കിയതാണ്. കോര്‍പറേഷന് കിട്ടിയത് കോര്‍പറേഷനിലുളളവര്‍ക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആര്‍ടിസിയുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും വിവി രാജേഷ് പറയുകയുണ്ടായി.

ALSO READ: മലബാര്‍ മേഖലയില്‍ സ്‌കൂള്‍ തുടങ്ങാന്‍ അനുവാദം കിട്ടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഭവം; 9 വര്‍ഷമായി ഇവിടെ പിണറായി സര്‍ക്കാര്‍ ആണല്ലോയെന്ന മറുചോദ്യത്തില്‍ ക്ഷോഭിച്ച് മൈക്ക് തട്ടിമാറ്റി മടക്കം