18
Jun 2026
Wed
18 Jun 2026 Wed
riya kumari suicide

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 23 കാരിയായ പെണ്‍കുട്ടിയെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് റിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി വിളിക്കാന്‍ അമ്മ റിയയുടെ മുറിയിലെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ അമ്മ റിയയുടെ അച്ഛനെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ചേര്‍ന്ന് വാതില്‍ ബലമായി തുറന്നപ്പോഴാണ് മുറിക്കുള്ളില്‍ റിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

റിയയുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ഐ ലവ് യു മമ്മി, പപ്പ. എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല,’ എന്ന് ഹിന്ദിയിലാണ് കുറിപ്പില്‍ എഴുതിയിരുന്നത്. റിയ സാധാരണയായി രാത്രിയിലാണ് കൂടുതല്‍ സമയവും പഠിച്ചിരുന്നതെന്നും അതുകൊണ്ട് തന്നെ രാവിലെ ഉണരാന്‍ വൈകാറുണ്ടായിരുന്നുവെന്നും സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ അങ്കിത് കന്ദാരി പറഞ്ഞു.

‘തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, സ്വന്തം കഴിവുകേട് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമാണ് പെണ്‍കുട്ടി കത്തില്‍ എഴുതിയിരിക്കുന്നത്. പഠനരംഗത്ത് വിചാരിച്ചത്ര വിജയം കൈവരിക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ഈ തീവ്രമായ നടപടിക്ക് പിന്നിലെ പ്രാഥമിക കാരണമെന്നാണ് കരുതുന്നത്,’ അങ്കിത് കന്ദാരി മാധ്യമങ്ങളോട് പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് വാങ്ങി സ്‌കൂളില്‍ ഒന്നാം സ്ഥാനം നേടിയ മിടുക്കിയായിരുന്നു റിയ. ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിന്റെ (NEET-UG) പുനഃപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു റിയ. ആദ്യ ശ്രമത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ വിജയിക്കാന്‍ റിയയ്ക്ക് സാധിച്ചിരുന്നില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദങ്ങളുണ്ടായാല്‍ അതിജീവിക്കാന്‍ ശ്രമിക്കുക, സഹായം തേടുക. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായത്തിനായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്).

Class 12 Topper Dies By Suicide In Dehradun