11
Jan 2026
Fri
11 Jan 2026 Fri
PM NARENDRA MODI

PM Narendra Modi’s Thiruvananthapuram Visit തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും മാറാത്തത് ഇനി മാറുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. അയ്യങ്കാളി, ശ്രീനാരായണ ഗുരു, മന്നം എന്നിവരെ പ്രസംഗത്തില്‍ അനുസ്മരിച്ച മോദി, ശ്രീ പത്മനാഭന്റെ മണ്ണില്‍ വരാനായത് സൗഭാഗ്യമായി കരുതുന്നെന്നും പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിനായി നല്‍കിയതെല്ലാം എണ്ണിപ്പറഞ്ഞ് മോദി

വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഗൗരവമായ പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും തലസ്ഥാന നഗരിയില്‍ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റെയില്‍വേ യാത്രാസൗകര്യം ഇന്ന് മുതല്‍ കൂടുതല്‍ കരുത്തുള്ളതാകുകയാണെന്നും മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും വിനോദസഞ്ചാരികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങുകയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചു. എല്‍ഡിഎഫും യുഡിഎഫിനും ഒരേ അജണ്ടാണുള്ളത്. അഴിമതി, വര്‍ഗീയത, പ്രീണനം എന്നിവയാണ് അവരുടെ അജണ്ട. കേരളം ഭരിക്കുന്ന ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കാതിരിക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും മോദി പറഞ്ഞു.

ഗുജറാത്ത് കേരളത്തിലും ആവര്‍ത്തിക്കും

1987ന് മുന്‍പ് ഗുജറാത്തില്‍ ബിജെപി പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന ഒരു പാര്‍ട്ടിയായിരുന്നുവെന്നും പത്രങ്ങളില്‍ പോലും ഇടം നേടാന്‍ കഴിയാതിരുന്ന ആ കാലത്ത് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയില്‍ നേടിയ വിജയമാണ് വഴിത്തിരിവായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ ആ ജൈത്രയാത്രയാണ് ഇന്ന് ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തമാക്കിയത്. സമാനമായ രീതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേടിയ വിജയത്തിലൂടെ കേരളത്തിലും ഒരു വലിയ മാറ്റത്തിന് തുടക്കമായിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: പേര് വെട്ടാന്‍ പറഞ്ഞത് പ്രധാനന്ത്രിയുടെ ഓഫീസ്; തിരുവനന്തപുരത്തെ സ്വീകരണ ചടങ്ങില്‍ ബിജെപിയുടെ ആദ്യ മേയറെ ഒഴിവാക്കിയത് എന്തിന്?

ഇത്തവണ കേരളത്തില്‍ വരുമ്പോള്‍ ജനങ്ങളില്‍ വലിയൊരു ആവേശവും പുതിയൊരു ഊര്‍ജവും കാണാന്‍ കഴിയുന്നുണ്ടെന്നും കേരളം ഇത്തവണ വലിയൊരു പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പോലെ കേരളത്തിലും ഒരു നഗരത്തില്‍ നിന്ന് ബിജെപിയുടെ ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ബിജെപിയെ വിശ്വസിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പറഞ്ഞമോദി, രാജ്യത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് തുടക്കമായെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ നാലുകോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി പുതിയ വീടുകള്‍ ലഭിച്ചു. ഒരു കോടിയിലേറെ വീടുകള്‍ നഗരവാസികള്‍ക്കായി നല്‍കി.

രാജ്യത്തെ നഗരങ്ങളിലെ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സയന്‍സ്, ഗവേഷണം, കണ്ടുപിടിത്തം, ആരോഗ്യം എന്നീ മേഖലകളിലും കേന്ദ്രസര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാവമായി സിഎസ്‌ഐആറിലെ ഇന്നൊവേഷന്‍ ഹബ് രാജ്യത്തിന് സമര്‍പ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീചിത്ര മെഡിക്കല്‍ കോളജിലെ റേഡിയോ സര്‍ജറി സെന്ററിന് തുടക്കമായത് കേരളത്തിന് ആരോഗ്യരംഗത്ത് കൂടുതല്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.