Iran warns Trump over military action ടെഹ്റാനു നേരെയുള്ള ഏത് ആക്രമണത്തെയും ‘ഞങ്ങള്‍ക്കെതിരെയുള്ള പൂര്‍ണ്ണമായ യുദ്ധമായി’ കണക്കാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ ഒരു ‘വലിയ സേന’ നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം. യുഎസില്‍ നിന്നുള്ള നിരന്തരമായ സൈനിക ഭീഷണിയെ പ്രതിരോധിക്കാന്‍
ആഅയത്തുല്ല ഖാംനഇ ഭരണകൂടം തങ്ങളുടെ പക്കലുള്ള ‘എല്ലാ സംവിധാനങ്ങളും’ ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
|
‘ഇത്തവണ, ഏത് തരത്തിലുള്ള ആക്രമണത്തെയും – അത് പരിമിതമോ, പരിധിയില്ലാത്തതോ, സര്‍ജിക്കലോ ആകട്ടെ – ഞങ്ങള്‍ക്കെതിരായ പൂര്‍ണ യുദ്ധമായി കാണും. ഇതിന് പരിഹാരം കാണാന്‍ സാധ്യമായ ഏറ്റവും കഠിനമായ രീതിയില്‍ ഞങ്ങള്‍ പ്രതികരിക്കുകയും ചെയ്യും,’ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണിയില്‍ നിന്ന് ട്രംപ് പിന്‍വാങ്ങിയതിന് പിന്നാലെയാണ്, യുഎസ് യുദ്ധക്കപ്പലുകളുടെ ഒരു ‘ആര്‍മാഡ’ (കപ്പല്‍പ്പട) ഇറാനിലേക്ക് നീങ്ങുന്നതായി അദ്ദേഹം പ്രസ്താവിച്ചത്.
യുഎസ്-ഇറാന്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്നു
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, യുഎസ് നാവികസേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലും ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും ഉള്‍പ്പെട്ട സൈനികവിഭാഗം അറബിക്കടലിലേക്കോ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്കോ ഉടന്‍ എത്തും. നിലവില്‍ ഈ കപ്പലുകളുടെ കൃത്യമായ സ്ഥാനം അറിയാന്‍ സാധിക്കുന്ന എഐഎസ് ട്രാക്കിങ് സംവിധാനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ് .
ഇതിനുപുറമെ, ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ നേരിടാന്‍ മുന്‍പ് നിയോഗിച്ചിരുന്ന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനങ്ങള്‍ ഇതിനകം തന്നെ പശ്ചിമേഷ്യയില്‍ എത്തിക്കഴിഞ്ഞു. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെസി-135 വിമാനങ്ങളും ഇസ്രായേല്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന് താഡ്, പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും യുഎസ് വിന്യസിച്ചിട്ടുണ്ട്.
ടെഹ്റാന്‍ അതീവ ജാഗ്രതയിലാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചെങ്കിലും, ഇറാന്റെ തിരിച്ചടി ഏത് രീതിയിലായിരിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ല.
‘ഈ സൈനിക വിന്യാസം യഥാര്‍ത്ഥ ഏറ്റുമുട്ടലിന് ഉദ്ദേശിച്ചുള്ളതല്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഞങ്ങളുടെ സൈന്യം ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാന്‍ തയ്യാറാണ്. അതുകൊണ്ടാണ് ഇറാനില്‍ എല്ലാം അതീവ ജാഗ്രതയിലായിരിക്കുന്നത്,’ അദ്ദേഹം ഊന്നിപ്പറഞ്ഞു.
കസ്റ്റഡിയിലുള്ള പ്രക്ഷോഭകരെ വധിക്കില്ലെന്ന് ടെഹ്റാനില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളില്‍ നേരിയ അയവ് വന്നിരുന്നു. തന്റെ ഭീഷണി കാരണമാണ് 800-ലധികം പ്രക്ഷോഭകരെ വധിക്കുന്നതില്‍ നിന്ന് ഇറാന്‍ പിന്മാറിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് ദാവോസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതോടെയാണ് വീണ്ടും വാക്‌പോര് മുറുകിയത്.
ലോകത്തിന് തീയിടുമെന്ന് ഇറാന്‍
പരമോന്നത നേതാവിനെതിരെ എന്തെങ്കിലും നടപടിയുണ്ടായാല്‍ ‘ലോകത്തിന് തീയിടുമെന്ന്’ ഇറാന്റെ സായുധ സേനാ വക്താവ് പ്രതിജ്ഞയെടുത്തു. കൂടാതെ, തങ്ങളുടെ സൈന്യത്തിന്റെ ‘വിരല്‍ തോക്കിന്റെ ട്രിഗറിലാണെന്ന്’ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) കമാന്‍ഡര്‍ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ വന്‍തോതിലുള്ള അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3117 പേര്‍ കൊല്ലപ്പെട്ടതായാണ് പറയുന്നതെങ്കിലും മരണസംഖ്യ 20000 കടന്നേക്കാമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാനെതിരേ ബഹുമുഖ പദ്ധതികള്‍
ഇറാന്‍ പ്രതിസന്ധി നേരിടാന്‍ പല തലങ്ങളിലുള്ള സൈനിക നടപടികളാണ് യുഎസ് ആസൂത്രണം ചെയ്യുന്നത്. തുടക്കത്തില്‍, മിസൈലുകളും ഡ്രോണുകളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങളാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യം വഷളായാല്‍ ഇറാന്റെ ആണവനിലയങ്ങളെ നേരിട്ട് ആക്രമിക്കുന്നതും ഭരണകൂട മാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളും യുഎസിന്റെ പരിഗണനയിലുണ്ട്. വിമാനവാഹിനിക്കപ്പലുകളുടെ നീക്കവും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതും വേണ്ടിവന്നാല്‍ കടുത്ത ആക്രമണത്തിലേക്ക് കടന്നേക്കുമെന്നതിന്റെ സൂചനകളായി വിലയിരുത്തപ്പെടുന്നു.
അതിനിടെ, ഇറാന്‍ തിരിച്ചടിക്കാനുള്ള ഒരുക്കം നടത്തുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ പ്രക്ഷോഭമുണ്ടാക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു. നേരിട്ടുള്ള യുദ്ധത്തിന് ഇറാന്‍ മുതിരാന്‍ സാധ്യതയില്ലെങ്കിലും ഹിസ്ബുള്ള, ഹൂതികള്‍ തുടങ്ങിയ തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിച്ച് പരോക്ഷമായ ആക്രമണങ്ങള്‍ക്ക് ഇറാന്‍ ശ്രമിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തി ആഗോള എണ്ണവില വര്‍ധിപ്പിക്കാനുള്ള സാമ്പത്തിക ആയുധവും ഇറാന്റെ പക്കലുണ്ട്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്രായേല്‍ ഒരു പ്രധാന ഘടകമായി മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്റെ ആക്രമണമുണ്ടായാല്‍ ഇസ്രായേലിന്റെ ഐറണ്‍ ഡോം, ആരോ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ യുഎസിന് നിര്‍ണായകമാകും. എന്നാല്‍, ഗാസയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് ഇസ്രായേല്‍ തയ്യാറായേക്കില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍.





