12
Jun 2026
Fri
12 Jun 2026 Fri
donald trump

ഇറാനെതിരെ രാത്രി കനത്ത ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തില്‍നിന്ന് പിന്‍വലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്റെ പ്രധാന എണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും യു.എസ് സൈന്യം ഉടന്‍ തന്നെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി പുതിയ പ്രഖ്യാപനം നടത്തിയത്.

ഇറാനുമായി ചരിത്രപരമായ സമാധാന ഒത്തുതീര്‍പ്പില്‍ (great settlement) എത്തിയതായും ഔദ്യോഗിക കരാര്‍ ഒപ്പിടുന്നതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘ഇന്ന് രാത്രി ഇറാനെ തകര്‍ക്കും, എണ്ണ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കും’: പരസ്യ ഭീഷണിയുമായി ട്രംപ്

‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വലിയൊരു ഒത്തുതീര്‍പ്പില്‍ നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കരാറില്‍ ഒപ്പുവെക്കുന്ന നിമിഷം തന്നെ ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി തുറക്കും. ഒരുപക്ഷേ ഈ വരാനിരിക്കുന്ന വാരാന്ത്യത്തില്‍ (weekend) യൂറോപ്പില്‍ വെച്ച് കരാര്‍ ഒപ്പിടല്‍ ചടങ്ങുകള്‍ നടന്നേക്കുമെന്നും’ ട്രംപ് വ്യക്തമാക്കി.

പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE), സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി താന്‍ സംസാരിച്ചതായും തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗാനുമായി ഉടന്‍ സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു.

‘ആണവായുധ ഭീഷണി ഒഴിവായി!’

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുക എന്നതായിരുന്നു ഈ സൈനിക നീക്കങ്ങളുടെ പ്രധാന ലക്ഷ്യമെന്നും പുതിയ കരാറിലൂടെ ആ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായെന്നും ട്രംപ് അവകാശപ്പെട്ടു. ‘ഇനി ഒരിക്കലും ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന ഉറപ്പാണ് ഈ കരാറിലൂടെ ലഭിക്കുന്നത്. ഇതിന് വേണ്ടിയായിരുന്നു നമ്മള്‍ ഇത്രയും കാര്യങ്ങള്‍ സഹിച്ചതും നേരിട്ടതും. അതുകൊണ്ട് തന്നെ ഇതൊരു ചരിത്ര നേട്ടമാണ്,’ അദ്ദേഹം പറഞ്ഞു.

ഇറാന്‍ ഔദ്യോഗികമായി ഈ പ്രഖ്യാപനത്തോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ടെഹ്റാന്‍ ഈ കരാറിന് അംഗീകാരം നല്‍കാന്‍ വലിയ സാധ്യതയുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ്’ (Fars) റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് പകുതി മുതല്‍ തന്നെ ഇറാനുമായുള്ള സമാധാന കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ആഴ്ചയിലുടനീളം ഇരുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത് ഏപ്രിലില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവിലാണ് നാടകീയമായ ഒത്തുതീര്‍പ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.