ഇസ്രായേല്‍ തടവറകളില്‍ ഫലസ്തീനികള്‍ നേരിടുന്ന ക്രൂരമായ ലൈംഗിക പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അല്‍ ജസീറയുടെ പുതിയ അന്വേഷണാത്മക ഡോക്യുമെന്ററി. ഇസ്രായേല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരെ ബലാത്സംഗത്തെ ഒരു യുദ്ധായുധമായി വ്യാപകമായും വ്യവസ്ഥാപിതമായും ഉപയോഗിക്കുന്നുണ്ടെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) ജഡ്ജിമാരുടെയും ഐക്യരാഷ്ട്രസഭയുടെയും കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് ‘ബോഡീസ് ഓഫ് എവിഡന്‍സ്: ഇസ്രായേല്‍സ് ഡാര്‍ക്കസ്റ്റ് വെപ്പണ്‍’ (Bodies of Evidence: Israel’s Darkest Weapon) എന്ന ഈ ഡോക്യുമെന്ററി.
|
കഴിഞ്ഞ രണ്ട് വര്‍ഷമായി ഗാസയില്‍ തുടരുന്ന ആക്രമണങ്ങള്‍ക്കിടയില്‍ തടവിലാക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്ത നിരവധി ഫലസ്തീനികളുടെ നേരിട്ടുള്ള സാക്ഷ്യപത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നായ്ക്കളെ ഉപയോഗിച്ചുള്ള പീഡനം
2024 മാര്‍ച്ചില്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത ഗാസയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അല്‍-ബക്രി താന്‍ അനുഭവിച്ച നരകയാതനകള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘റമദാന്‍ മാസത്തിന് ശേഷമുള്ള ഈദ് ദിനത്തിലായിരുന്നു അത്. ഞങ്ങളെ പൂര്‍ണ്ണനഗ്‌നരാക്കി, കണ്ണുകളും കൈകളും കെട്ടിയിട്ടു. ഒപ്പമുണ്ടായിരുന്ന ഏഴ് തടവുകാരെയും അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഞങ്ങള്‍ ദൈവത്തെ വിളിച്ച് നിലവിളിച്ചപ്പോള്‍ അവര്‍ അത് ക്യാമറയില്‍ പകര്‍ത്തി ചിരിക്കുകയായിരുന്നു.’ ലൈംഗികാതിക്രമങ്ങള്‍ക്കായി ഗാര്‍ഡ് നായ്ക്കളെയാണ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചതെന്നും, ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നായ്ക്കള്‍ തങ്ങളെ ആക്രമിച്ചതായും അല്‍-ബക്രി കൂട്ടിച്ചേര്‍ത്തു.
മറ്റൊരു ഇരയായ ജോബ് (യഥാര്‍ത്ഥ പേരല്ല) എന്ന സാധാരണ തൊഴിലാളിയും സമാനമായ അനുഭവമാണ് പങ്കുവെച്ചത്. സ്ത്രീകളായ ഇസ്രായേല്‍ സൈനികര്‍ ഉള്‍പ്പെടെയുള്ള സംഘം തന്റെ കൈകാലുകള്‍ ഇരുമ്പ് വിലങ്ങുകളാല്‍ ബന്ധിച്ച ശേഷം നഗ്‌നനാക്കി നിലത്ത് കിടത്തി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചുറ്റും നിന്ന സൈനികര്‍ ഇത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്നിട്ടും, അതിനെക്കുറിച്ച് ചോദിച്ചായിരുന്നു ഈ ക്രൂരതകളെല്ലാം.
വര്‍ദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍
ഇസ്രായേല്‍ തടവറകളില്‍ ഫലസ്തീനികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്നതാണെങ്കിലും, 2023 ഒക്ടോബറിന് ശേഷം ഇത് വലിയ തോതില്‍ വര്‍ദ്ധിച്ചതായി യുഎന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025 മാര്‍ച്ചില്‍ പുറത്തിറങ്ങിയ യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം, ഇസ്രായേല്‍ സൈന്യം വ്യവസ്ഥാപിതമായി ലൈംഗിക-ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷ മേഖലകളില്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ യുഎന്നിന്റെ ‘കരിമ്പട്ടികയില്‍’ ഇസ്രായേലിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, അമ്‌നസ്റ്റി ഇന്റര്‍നാഷണല്‍, ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബിസെലെം (ആ’ഠലെഹലാ) എന്നിവയും ഈ ക്രൂരതകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കുറ്റവാളികള്‍ക്ക് സംരക്ഷണം; നിയമനടപടികളില്ല
ഇതുവരെ ഫലസ്തീനികളെ ലൈംഗികമായി പീഡിപ്പിച്ച ഒരു ഇസ്രായേല്‍ സൈനികന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നെഗേവ് മരുഭൂമിയിലെ സ്‌ഡേ തെയ്മാന്‍ (Sde Teiman) തടങ്കല്‍ പാളയത്തില്‍ വെച്ച് ഫലസ്തീനി തടവുകാരനെ കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് 10 സുരക്ഷാ ഉദ്യോഗസ്ഥരെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരെ മോചിപ്പിക്കാനായി ഇസ്രായേലിലെ തീവ്രവലതുപക്ഷ എംപിമാരും ജനക്കൂട്ടവും തടങ്കല്‍പ്പാളയം ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ഈ സൈനികര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ഇസ്രായേല്‍ ഒഴിവാക്കി. പകരം, ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയ മേജര്‍ ജനറല്‍ യിഫാത് തോമര്‍-യെരുശാല്‍മി എന്ന വനിതാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയാണ് ഇസ്രായേല്‍ ചെയ്തത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്.
ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ (Knesset) തടവുകാരെ ബലാത്സംഗം ചെയ്യുന്നത് നിയമപരമാണോ എന്ന് ചോദ്യമുയര്‍ന്നപ്പോള്‍, നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗമായ ഹനോക് മില്‍വിഡ്‌സ്‌കി ‘അതെ, അവര്‍ ഹമാസ് പോരാളികളാണെങ്കില്‍ എന്തും ചെയ്യാന്‍ അനുവാദമുണ്ട്’ എന്ന് പരസ്യമായി വിളിച്ചുപറഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമായിരുന്നു.
മാനുഷിക വിരുദ്ധമായ ഭാഷാപ്രയോഗങ്ങള്‍
ഫലസ്തീനികളെ ‘മനുഷ്യ മൃഗങ്ങള്‍’ എന്നും ‘ഭീകരര്‍’ എന്നും വിശേഷിപ്പിച്ചുകൊണ്ട് ഇസ്രായേല്‍ രാഷ്ട്രീയ നേതൃത്വം നടത്തുന്ന പ്രസ്താവനകളാണ് സൈനികര്‍ക്ക് ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ പ്രോത്സാഹനമാകുന്നതെന്ന് യുഎന്‍ പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബനീസ് പറയുന്നു. മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഫലസ്തീനികളെ മനുഷ്യ മൃഗങ്ങളെന്ന് വിളിച്ചപ്പോള്‍, ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വീര്‍ തുടങ്ങിയവര്‍ ഫലസ്തീനികളെ പൂര്‍ണ്ണമായും കുറ്റവാളികളായി ചിത്രീകരിക്കുന്ന വംശീയ നിലപാടുകളാണ് സ്വീകരിക്കുന്നത്.
ഇസ്രായേല്‍ നടത്തുന്ന ഈ നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇരകള്‍ക്ക് വേണ്ടി കോടതിയില്‍ വാദിക്കുന്ന നിയമവിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കില്‍ അവ യുദ്ധക്കുറ്റങ്ങളായി കണക്കാക്കാം, എന്നാല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ തടങ്കല്‍പ്പാളയങ്ങളില്‍ വെച്ച് വ്യവസ്ഥാപിതമായി നടത്തുന്ന ഇത്തരം ബലാത്സംഗങ്ങള്‍ ‘മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെ’ (Crimes against humanity) പരിധിയില്‍ വരുന്നതാണെന്ന് ലിപര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ട്രീസ്റ്റിനോ മരിനിയെല്ലോ വ്യക്തമാക്കി.
Al Jazeera film exposes Israel’s use of rape in jails


