Home birth rate തിരുവനന്തപുരം: വീടുകളിലെ പ്രസവം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമെന്ന് കണക്കുകള്‍. 2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 382 പ്രസവങ്ങളാണ് വീടുകളില്‍ നടന്നതെങ്കില്‍ 2025 ഡിസംബര്‍ ആയപ്പോഴേക്കും 428 ആയി ഉയര്‍ന്നു. 2024-25 വര്‍ഷത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ട വീട്ടുപ്രസവങ്ങളുടെ കണക്ക് 428 എണ്ണമെന്ന് ഹൈകോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങിന് ആരോഗ്യ വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.
|
ഏറ്റവും കൂടുതല്‍ വീട്ടുപ്രസവങ്ങള്‍ മലപ്പുറം ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. വീട്ടു പ്രസവങ്ങളില്‍ പലപ്പോഴും കുട്ടികള്‍ക്കോ അമ്മയ്‌ക്കോ ജീവഹാനി വരെ നേരിട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നിലവിലുണ്ട്. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് വീട്ടുപ്രസവങ്ങള്‍ നിര്‍ബാധം തുടരുന്നത്.
ഗര്‍ഭിണികളുടെ ആരോഗ്യസുരക്ഷയും ചികിത്സയും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പുവരുത്തുന്നതിനാല്‍ വീട്ടുപ്രസവം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് മലപ്പുറം താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ 2024ല്‍ സര്‍ക്കാറിന് നിവേദനം നല്‍കുകയും ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. മെഡിക്കല്‍ ഓഫിസര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 2025 ഏപ്രിലില്‍ തദ്ദേശവകുപ്പ് വീട്ടുപ്രസവങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ ബോധവല്‍ക്കരണം അടക്കം നിര്‍ദേശിച്ചു. ഈ കേസില്‍ നടപടി തുടരുകയാണ്.
ഇതിനിടെ രണ്ടാഴ്ച മുമ്പ് ചാവക്കാട് വീട്ടുപ്രസവത്തില്‍ നവജാതശിശു മരിച്ച സംഭവവുമുണ്ടായി. അമിത രക്തസ്രാവവും മറ്റുമാണ് മരണ കാരണമാവുന്നത്. മലപ്പുറം ജില്ലയില്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന വ്യാജ അക്യുപങ്ചര്‍ ചികില്‍സകര്‍ വീട്ടു പ്രസവത്തിന് വലിയ പ്രോല്‍സാഹനം നല്‍കുന്നുണ്ട്. ഇതിലൂടെ അപകടമുണ്ടായാല്‍ ആശുപത്രിയില്‍ പ്രസവിച്ചാലും അപകടങ്ങളുണ്ടാകുന്നില്ലേ എന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ഇക്കൂട്ടര്‍.





