07
Jul 2026
Tue
07 Jul 2026 Tue
wayanad landslide death and missing

കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞു വന്‍ ദുരന്തം. മണ്ണിനടിയില്‍ പെട്ട ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഏഴു പേരെ കാണാതായി. സംഭവ സ്ഥലത്തു നിന്ന് 7 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണിനടിയില്‍ കുടുങ്ങിയ 7 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ കാരണം നിര്‍മാണ ജോലികള്‍ ഇന്നലെ നിര്‍ത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി.

അഗ്‌നിരക്ഷാസേന അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഈ മേഖലയില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയര്‍ ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി. സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട്

കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ട്.

പ്രിയങ്ക ഗാന്ധി എംപി വയനാട് കലക്ടറുമായി ഫോണില്‍ സംസാരിച്ച് തുരങ്കപാതയിലെ അപകടത്തിന്റെ വിവരങ്ങള്‍ തേടി.

കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂര്‍, രജനീഷ്, തന്‍മയ് ഘോഷ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്.