07
Jul 2026
Tue
07 Jul 2026 Tue
wayanad landslide bus

വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിര്‍മ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7 പേരെ കാണാനില്ല. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മണ്ണിടിച്ചിലില്‍ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കര്‍ ലോറിയ്ക്കിടയില്‍ ആളുകള്‍ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്‌ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ അതിതീവ്ര മഴയാണ് വയനാട്ടില്‍. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയില്‍ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. NDRF സംഘങ്ങള്‍ സ്ഥലത്തെത്തി. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍കുമാറും വയനാട്ടിലെത്തും. വയനാട് ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണ്. കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അകപ്പെട്ടത് നിര്‍മ്മാണത്തില്‍പ്പെട്ട അതിഥി തൊഴിലാളികള്‍ എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഈ മേഖലയില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍. മണ്ണിനടിയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

മണ്ണിടിച്ചില്‍ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിര്‍മാണം നടക്കുന്നയിടത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാന്‍ നിര്‍ദേശം കൊടുത്തിട്ടും അത് പാലിച്ചില്ല. ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. തുരങ്ക നിര്‍മാണവുമായി മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

രക്ഷപ്പെട്ട ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂര്‍ (35), രജനീഷ് (27), തന്‍മയ് ഘോഷ് (28), ജയ (37), കുഞ്ചു (39), മേപ്പാടി എസ്‌ഐ സന്തോഷ് കുമാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്.

Wayanad Landslide: 4 death confirmed, search continue