സ്വര്‍ണവില വീണ്ടും തകര്‍ച്ചയുടെ പാതയില്‍. ഇറാനുമായുള്ള സമാധാന ഡീല്‍ പൊളിഞ്ഞെന്ന് ട്രംപ് തന്നെ വ്യക്തമാക്കുകയും വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തതോടെ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു. തൊട്ടുപിന്നാലെ യുഎസ് ഡോളര്‍ മുന്നേറ്റവും തുടങ്ങിയതോടെ സ്വര്‍ണവില കൂടുതല്‍ ഇടിയുകയായിരുന്നു.
|
കേരളത്തില്‍ ഇന്ന് രാവിലെ ഗ്രാമിന് 70 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍, ഉച്ചയ്ക്ക് 125 രൂപയുടെ ഇടിവുകൂടിയുണ്ടായി. ഇതോടെ വില 13,120 രൂപയായി. ഉച്ചയ്ക്ക് 1000 രൂപ ഇടിഞ്ഞ് പവന്‍വില 1,04,960 രൂപയിലെത്തി. രാവിലെ 560 രൂപ ഇടിഞ്ഞിരുന്നു. രാജ്യാന്തര വിലയുള്ളത് 93 ഡോളര്‍ കൂപ്പുകുത്തി 4052 ഡോളറിലാണ്.
ഇറാനും യുഎസും തമ്മില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയിലെത്തിയ സമാധാന ഡീല്‍ അപ്പാടെ പൊളിഞ്ഞു. ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇറാനില്‍ യുഎസ് കനത്ത തിരിച്ചടി നടത്തിയിരുന്നു. അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇതോടെ ഇറാനും വ്യക്തമാക്കി.
ഇതോടെ ഇറാനുമായി ചര്‍ച്ചയൊക്കെ നടത്തുന്നത് വെറുതേ സമയം കളയലാണെന്നു പറഞ്ഞ ട്രംപ്, വെടിനിര്‍ത്തല്‍ ധാരണയൊക്കെ അവസാനിച്ചെന്നും പറഞ്ഞു. തുര്‍ക്കിയിലെ അങ്കാറയില്‍ നാറ്റോ മേധാവി മാര്‍ക്ക് റൂട്ടുമായി ചേര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്രൂഡോയില്‍ വിലയില്‍ ‘തീ’ പിടിച്ചു. യുഎസ് ക്രൂഡ് വില അഥവാ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 6.47% മുന്നേറി 75 ഡോളറിലെത്തി. ബ്രെന്റ് വില 6.47% കുതിച്ച് 78.96 ഡോളറായി. യുഎഇയുടെ മര്‍ബന്‍ ക്രൂഡിന് വില 7.06% മുന്നേറി 73.84 ഡോളറുമായിട്ടുണ്ട്.
എണ്ണവില വീണ്ടും ആവേശക്കുതിപ്പ് തുടങ്ങിയത് ഡോളറിനും കരുത്തായി. ഡോളര്‍ മുന്നേറുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിക്കും. ആഭരണം, നിക്ഷേപം എന്നീ നിലകളില്‍ സ്വര്‍ണം അനാകര്‍ഷകമാകുംഈ വിലയിരുത്തലാണ് സ്വര്‍ണവിലയെ വീഴ്ത്തുന്നത്.
കേരളത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഉച്ചയ്ക്ക് 105 രൂപ താഴ്ന്ന് 10,835 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 245 രൂപ. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ) ഗ്രാമിന് 100 രൂപ കുറച്ച് 10,785 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് 245 രൂപ.





