സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്‍ രചിച്ച നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകം പ്രകാശനം ചെയ്തു. ജോസഫ് സി മാത്യു പ്രകാശനം ചെയ്ത പുസ്തകം പ്രഫ. എം എന്‍ വിജയന്റെ മകന്‍ വി എസ് അനില്‍കുമാര്‍ ഏറ്റുവാങ്ങി. ഇന്‍ക്വിലാബ് വിളിച്ചുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസ് സുരക്ഷയിലായിരുന്നു ചടങ്ങുകള്‍.
|
പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചു എന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസ്സിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശം വരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കും എന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യുറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായത് എന്ന് ചോദിച്ച ജോസഫ് സി മാത്യു പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
രക്തസാക്ഷി ഫണ്ടിലും പാര്‍ട്ടി ഓഫിസ് നിര്‍മാണ ഫണ്ടിലും തിരഞ്ഞെടുപ്പ് ഫണ്ടിലും തിരിമറി നടത്തിയതായി വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.





