12
Feb 2026
Thu
12 Feb 2026 Thu
gold chain theft

കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ സമീനയുടെ(35) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മോഷ്ടിച്ച മാല മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. പുലിവാല് പിടിച്ച വനിതാ പോലീസ് മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയില്‍ സമീനയ്‌ക്കൊപ്പം മൂന്നാം ദിവസവും കാവല്‍ കിടക്കുകയാണ്.

നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 9ന് രാത്രി പത്തോടെയാണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തില്‍നിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തില്‍ യുവതി മാല വിഴുങ്ങുകയായിരുന്നു.

നാട്ടുകാര്‍ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തി. തുടര്‍ന്ന് ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം എനിമ നല്‍കിയെങ്കിലും ആഭരണം മാത്രം ഇനിയും പുറത്തുവന്നില്ല.