17
Feb 2026
Tue
17 Feb 2026 Tue
ramadan 2026 moon sight

കോഴിക്കോട്: റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങി മുസ്ലിംകള്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ നാളെ റമദാന്‍ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ ഖാദിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ശഅബാന്‍ 29, വൈകിട്ട് മാസപ്പിറവി ദൃശ്യമായാല്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും. ഇല്ലെങ്കില്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ആരംഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ പള്ളികളിലും വീടുകളിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് അഴിച്ചുപണിയുടെ മാസമാണ്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആത്മീയ ഊര്‍ജം സംഭരിക്കാനുള്ള കാലം.

സൗദിയില്‍ ഇന്ന് മാസപ്പിറവി നിരീക്ഷിക്കും

സൗദിയില്‍ ഇന്ന് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കും. ചന്ദ്രപ്പിറവി ദൃശ്യമായാല്‍ നാളെ റമദാനും വ്രതത്തിനും തുടക്കമാകും. മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ വ്യാഴാഴ്ചയാകും നോമ്പിന് തുടക്കമാവുക. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇത്തവണ തണുപ്പിലാണ് റമദാനെ സ്വീകരിക്കുക.

സൗദി അറേബ്യയില്‍ ഇന്ന് ശഅ്ബാന്‍ 29 ആണ്. രാജ്യത്തുടനീളം ഇന്ന് മാസപ്പിറവി നിരീക്ഷണത്തിന് ആഹ്വാനമുണ്ട്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ മാസപ്പിറവി നിരീക്ഷണത്തിന് സൗകര്യമൊരുക്കി കഴിഞ്ഞു.

ഇന്ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രന്‍ സൂര്യനേക്കാള്‍ മുന്‍പോ അല്ലെങ്കില്‍ തൊട്ടുപിന്നാലെയോ അസ്തമിക്കും. ഇതിനാല്‍ ടെലിസ്‌കോപിലൂടെയോ നഗ്നനേത്രങ്ങള്‍ കൊണ്ടോ മാസപ്പിറവി കാണാനാകില്ലെന്നാണ് ശാസ്ത്രീയ വിലയിരുത്തല്‍.

മാസപ്പിറവി ദൃശ്യമായാല്‍ നാളെ നോമ്പിനും ഇന്ന് രാത്രി മുതല്‍ തറാവീഹ് നമസ്‌കാരങ്ങള്‍ക്കും തുടക്കം കുറിക്കും. മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ വ്യാഴാഴ്ചയാകും വ്രതാരംഭം.

യുഎഇയിലും ചാന്ദ്രപ്പിറവി നിരീക്ഷിക്കും

യു.എ.ഇയില്‍ ചൊവ്വാഴ്ച സന്ധ്യക്ക് റംസാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഫത് വ കൗണ്‍സില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മഗ്രിബ് നമസ്‌കാരത്തിന് ശേഷമാണ് മാസപ്പിറ നിരീക്ഷിക്കേണ്ടത്. മാസപ്പിറവി കാണുന്നവര്‍ വിവരം 027774647 എന്ന നമ്പറിലോ ഫത്വ കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ അറിയിക്കണം.

ഒമാനില്‍ റമദാന്‍ വ്യാഴാഴ്ച്ച

ഒമാനില്‍ റമദാന്‍ മാസം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 17 ചൊവ്വാഴ്ച ശഅബാന്‍ 29ന് മാസപ്പിറ കാണാനിടയില്ലെന്നും ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി 19ന് റമദാന്‍ ആരംഭിക്കുമെന്നും ഹിജ്രി മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള പ്രധാന കമ്മിറ്റി പ്രഖ്യാപിച്ചു.