17
Feb 2026
Tue
17 Feb 2026 Tue
priyank kharge rss fund

RSS fund source ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ(ആര്‍എസ്എസ്) പണമിടപാടുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസ് എന്തുകൊണ്ടാണ് നികുതി നല്‍കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ആര്‍എസ്എസ് ഒരു രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയാണെന്നും നിയമത്തിനും ഭരണഘടനയ്ക്കും അതീതരാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പണത്തെ ആര്‍എസ്എസ് ഗുരുദക്ഷിണ എന്നാണ് വിളിക്കുന്നത്. ഈ പണം എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യവും പ്രിയങ്ക് ഉന്നയിച്ചു.അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 2,500-ലധികം സംഘടനകളില്‍ നിന്ന് ആര്‍എസ്എസ് പണം സ്വീകരിക്കുന്നുണ്ട്. ‘നമ്മള്‍ നല്ല പൗരന്മാരായി ആദായ നികുതി നല്‍കണമെന്ന് അവര്‍ പറയുന്നു, എന്നാല്‍ അവര്‍ക്ക് ഇതൊന്നും ബാധകമല്ല. ഇത് എങ്ങനെ സാധ്യമാകും? നമ്മള്‍ ഇത് ചോദ്യം ചെയ്യേണ്ടതുണ്ട്.’ ഖാര്‍ഗെ പറഞ്ഞു.

രാജ്യത്തെ എല്ലാവര്‍ക്കും ബാധകമായ നിയമവും ഭരണഘടനയും ആര്‍എസ്എസിനും ബാധകമായിരിക്കണം. ആര്‍എസ്എസ് ഒരു രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയാണെന്നും അവര്‍ നിയമത്തിനും ഭരണഘടനയ്ക്കും അതീതരാണോ എന്നും അദ്ദേഹം ചോദിച്ചു. ‘എല്ലാ സംഘടനകളും നിയമത്തിനും ഭരണഘടനയ്ക്കും കീഴില്‍ വരുന്നത് നല്ലതാണ്. അത് ആര്‍എസ്എസ് ആകട്ടെ മറ്റേതെങ്കിലും സംഘടനകളാകട്ടെ. അവര്‍ നിയമത്തിനും ഭരണഘടനയ്ക്കും അതീതരാണോ? മോഹന്‍ ഭാഗവത് (ആര്‍എസ്എസ് മേധാവി) പറയുന്നത് ഇത് വ്യക്തികളുടെ ഒരു കൂട്ടായ്മയാണെന്നാണ്. ബാംഗ്ലൂര്‍ ക്ലബ്ബും അങ്ങനെ തന്നെയല്ലേ, അവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലേ? അവര്‍ നികുതി അടയ്ക്കുന്നില്ലേ,’ അദ്ദേഹം ചോദിച്ചു.

ആര്‍എസ്എസിന്റെ ഗുരു ദക്ഷിണ എവിടെ നിന്നാണ് വരുന്നത് എന്നും അദ്ദേഹം ചോദിച്ചു. ‘ആര്‍എസ്എസ് പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ചോദിച്ചാല്‍, അവര്‍ പറയുന്നത് ഗുരു ദക്ഷിണ ലഭിക്കുമെന്നാണ്. എന്നാല്‍ ഞാന്‍ ചില ഗവേഷണങ്ങള്‍ നടത്തിയപ്പോള്‍, ഗുരു ദക്ഷിണ എന്നാല്‍ ‘കൊടി’ക്ക് ദക്ഷിണ നല്‍കുക എന്നാണ് അവര്‍ അര്‍ത്ഥമാക്കുന്നത്. നാളെ രാവിലെ ഞാനും നീലക്കൊടി ഉയര്‍ത്തി പണം ശേഖരിച്ചാല്‍, സര്‍ക്കാര്‍ അതും സമ്മതിക്കുമോ? ആര്‍എസ്എസ് സംഘടന ഭരണഘടനയുടെയും നിയമത്തിന്റെയും കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ ഞാന്‍ ഇത് പറഞ്ഞു കൊണ്ടിരിക്കും,’ ഖാര്‍ഗെ പറഞ്ഞു.

‘ആരാണ് ആര്‍എസ്എസ്സിന് പണം നല്‍കുന്നത്? എന്തുകൊണ്ട് അവര്‍ നികുതി നല്‍കുന്നില്ല? മറ്റുള്ളവരുടെ ഓരോ രൂപയ്ക്കും കണക്കുള്ളപ്പോള്‍ അവരുടെ (ആര്‍എസ്എസിന്റെ) പണത്തിന് എന്തുകൊണ്ട് കണക്കില്ല?’ അദ്ദേഹം ചോദിച്ചു. ആര്‍എസ്എസ് 52 വര്‍ഷത്തോളം അവരുടെ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ലെന്ന് പ്രിയങ്ക് ഓര്‍മ്മിപ്പിച്ചു. അവരാണ് നമ്മളെ രാജ്യസ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.