പ്രമുഖ മ്യൂസിക് ലേബലായ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്ന് സംഗീത സംവിധായകന്‍ ഇളയരാജയെ വിലക്കി ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സരിഗമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
ആമസോണ്‍ മ്യൂസിക്, ഐട്യൂണ്‍സ്, ജിയോസാവ്ന്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇളയരാജ തന്റെ പേരില്‍ ഗാനങ്ങള്‍ അപ്ലോഡ് ചെയ്തതാണ് നിയമനടപടിക്ക് വഴിവെച്ചത്. 134 സിനിമകളിലെ ഗാനങ്ങള്‍ ഉപയോഗിക്കാനോ മൂന്നാം കക്ഷികള്‍ക്ക് ലൈസന്‍സ് നല്‍കാനോ ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കോ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
|
1976 മുതല്‍ 2001 വരെ സിനിമാ നിര്‍മാതാക്കളുമായി ഒപ്പിട്ട കരാറുകള്‍ പ്രകാരം വിവിധ ഇന്ത്യന്‍ ഭാഷകളിലെ നിരവധി സംഗീത കൃതികളുടെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നാണ് സരിഗമയുടെ വാദം. മറ്റ് പ്രത്യേക കരാറുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സിനിമാ നിര്‍മാതാക്കളാണ് സംഗീത രചനകളുടെ ആദ്യ ഉടമകളെന്ന പകര്‍പ്പവകാശ നിയമ വ്യവസ്ഥയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സരിഗമയുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഗാനങ്ങളുടെ തുടര്‍ ഉപയോഗം പണം കൊണ്ട് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കാന്‍ ഇടയാക്കുമെന്ന് വ്യക്തമാക്കി. 30 ദിവസത്തിനുള്ളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇളയരാജയ്ക്ക് നിര്‍ദ്ദേശം നല്‍കി.
കേസ് വീണ്ടും ഏപ്രില്‍ 2-ന് പരിഗണിക്കും





