23
Jul 2026
Thu
23 Jul 2026 Thu
Prof Alikkutty Musliyar passed away

സമസ്ത ജന.സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ(81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഖബറടക്കം വെള്ളി രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ൽ ആയിരുന്നു ജനനം. 2013 മുതൽ കാസർകോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാർ 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ കൂടിയാണ്. പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂർക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സിൽ ഇരുമ്പുഴി തെക്കുംമുറിയിൽ ദർസിൽ ദർസ് പഠനം ആരംഭിച്ചു. നാല് വർഷത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദർസിലും തുടർന്ന് പടിഞ്ഞാറ്റുമുറിയിലെ ദർസിലുമായിരുന്നു ദർസ് പഠനങ്ങൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1964ൽ ജാമിഅ നൂരിയ്യയിൽ ചേർന്ന അദ്ദേഹം നാല് വർഷം അവിടെ പഠനം നടത്തി. ശംസുൽ ഉലമാ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, പെരിന്തൽമണ്ണ സൈതാലി മുസ്‌ലിയാർ, വളപുരം കെ.ടി മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ഖാദർ(കായി) മുസ്‌ലിയാർ,പെരുമ്പലം ബാപ്പുട്ടി മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാർ. 16 ാം വയസ്സിൽ തിരൂർക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സിൽ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാർകുഴി ദർസിലാണ് ആദ്യ സേവനം.

1978ൽ ചെമ്മങ്കടവ് ദർസിലേക്ക് മാറിയെങ്കിലും 1979ൽ പട്ടിക്കാട് ജാമിഅ നൂരിയയിൽ ശംസുൽ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതൽ അവിടെ പ്രിൻസിപ്പലായും നിയമിതനാവുകയായിരുന്നു. 1970ൽ സമസ്ത പെരിന്തൽമണ്ണ താലൂക്ക് സെക്രട്ടറിയായും 1976ൽ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതൽ ജാമിഅ പൂർവ വിദ്യാർഥി സംഘടനയായ ‘ഓസ്‌ഫോജന’ യുടെ ജന.സെക്രട്ടറിയാണ്. സമസ്ത മുശാവറ അംഗമായി 1986ലും എസ്.വൈ.എസ് ജന. സെക്രട്ടറിയായി 1992ലും തിരഞ്ഞെടുക്കപ്പെട്ടു.

2010ൽ സമസ്ത ജോ.സെക്രട്ടറിയുമായി. 2016ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വിയോഗത്തോടെ സമസ്തയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി.
2009 മുതൽ സമസ്ത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ് ആണ്. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ഇന്ത്യൻ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്‌ലിയാർ നിലവിൽ മുസ്‌ലിം വേൾഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ മെംബർ കൂടിയാണ്.

1978ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി(ഇഫഌ)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്. 2008 ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹർ പൂർവ വിദ്യാർത്ഥി സംഗമത്തിൽ സംബന്ധിച്ചു. 2011 ലിബിയയിൽ പ്രസിഡണ്ട് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012 ൽ മൊറോക്കോയിൽ നടന്ന സൂഫീ സമ്മേളനത്തിലും തുടർന്നുള്ള രണ്ടുവർഷങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിലിൽ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 2014 മുതൽ സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാൻ ആണ്.

2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം 2006 മുതൽ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. എസ്.വൈ.എസ് ജന.സെക്രട്ടറിയായി 1992 മുതൽ 2016 വരെ പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ സംസ്ഥാന മുസ് ലിം ഓർഫനേജ് കോ ഓഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്.