Kerala story 2 release stayed കേരളത്തെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്ന കേരള സ്‌റ്റോറി 2 സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് കോടതി സ്‌റ്റേ ചെയ്തു. ഈ സമയത്തിനിടയില്‍ സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കണ്ട് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
|
കേരള സ്റ്റോറിയുടെ ടീസര്‍ തന്നെ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. കേരളം വളരെ സൗഹാര്‍ദ്ദപരമായി പോകുന്ന സംസ്ഥാനമാണ്. അത്തരമൊരു പ്രദേശത്തിന് ഈ സിനിമ ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി.
ഹരജികള്‍ അടിയന്തരമായി രാവിലെ തന്നെ പരിഗണിക്കണമെന്ന് നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി ഉച്ചയ്ക്ക് 2 മണിക്ക് മാത്രമാണ് ഹരജി പരിഗണിച്ചത്.
ഹരജിക്കാര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങളുണ്ട് എന്ന വാദമാണ് നിര്‍മാതാക്കള്‍ പ്രധാനമായും ഉയര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍, കോടതി ഇത് ചെവിക്കൊണ്ടില്ല.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി, എറണാകുളം സ്വദേശി ഫ്രെഡ്ഡി വി ഫ്രാന്‍സിസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. തീവ്രവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താന്‍ ഈ സിനിമ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിയല്‍ സെന്‍സര്‍ ബോര്‍ഡ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാക്യ നാരായണന്‍ സിംഗിന്റെ അവകാശവാദം.





