26
Feb 2026
Thu
26 Feb 2026 Thu
MA Yusaffali donates 371 crore rupees for project for orphan kids

അബൂദബി: യുഎഇയിലെ അനാഥക്കുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദിര്‍ഹം(371 കോടി രൂപ) കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബൂദബി ഔഖാഫ് നേതൃത്വം നല്‍കുന്ന പദ്ധതിയാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഓര്‍ഫന്‍സ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനാഥരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്”. നിരവധി കുരുന്നുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന ഈ പദ്ധതിയിലേക്കാണ് യൂസഫലിയുടെ പിന്തുണ.

52 വര്‍ഷമായി അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനിക്ക്, അബൂദബി ഭരണാധികാരിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. യുഎഇയുടെ ജീവകരുണ്യപ്രവര്‍ത്തനങ്ങളുടെ മഹത്വം എടുത്തുകാട്ടുന്നതാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്’ പദ്ധതി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും, മാനുഷിമൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായ രാഷ്ട്രമാതാവ് ഫാത്തിമ ബിന്‍ത് മുബാറക്കും മുന്നോട്ടുവച്ച കാരുണ്യത്തിന്റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതിയെന്നും നിരവധി കുട്ടികളുടെ ജീവിതത്തിന് വെളിച്ചമേകുന്നുവെന്നും യൂസഫലി പറഞ്ഞു.

അബൂദബി ഔഖാഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക നിക്ഷേപ പദ്ധതിയാണ് അനാഥരായ കുട്ടികള്‍ക്കായി നടപ്പാക്കുന്നത്. സഹായം അര്‍ഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ദാനധര്‍മങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ALSO READ: പള്ളിയില്‍ നിസ്‌കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍ക്കാനെത്തിയപ്പോള്‍ പ്രതി പിടിയില്‍