Oscars 2026 Complete Winner List Update ലോസ് ഏഞ്ചല്‍സ്: ലോകസിനിമ കാത്തിരുന്ന 98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തോമസ് ആന്‍ഡേഴ്‌സന്റെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ആണ് ഇത്തവണ ഓസ്‌കര്‍ തൂക്കിയത്. മികച്ച സംവിധായകന്‍, മികച്ച ചിത്രം ഉള്‍പ്പടെ ആറു പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മൈക്കിള്‍ ബി. ജോര്‍ദന്‍ (സിന്നേഴ്‌സ്) ആണ് മികച്ച നടന്‍. ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി. ‘സിന്നേഴ്‌സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ.
|
‘ഗോഡ് ഈസ് ഗുഡ്’ എന്നാണ് പുരസ്‌കാരനേട്ടത്തിന് പിന്നാലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മൈക്കിള്‍ ബി ജോര്‍ദന്‍ പ്രതികരിച്ചത്. അമ്മമാരുടെ പ്രക്ഷുബ്ധമായ മനസ്സിന് പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നായിരുന്നു മികച്ച നടിയായ ജെസി ബക്ലിയുടെ പ്രതികരണം. മികച്ച ചിത്രം, സംവിധായകന്‍, എഡിറ്റിങ്, സഹനടന്‍, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ നേടിയത്.
ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ ഷോണ്‍ പെന്‍ നേടി. ‘വെപ്പന്‍സ്’ എന്ന ഹൊറര്‍ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം എയ്മി മാഡിഗനാണ് നേടിയത്.
പ്രശസ്ത കൊമേഡിയന്‍ കോനന്‍ ഒബ്രയന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവതാരകനായി എത്തിയ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആനി ഹാത്ത്വേ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയും വേദിയിലുണ്ട്. 2016 ന് ശേഷം ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഓസ്‌കര്‍ വേദിയില്‍ അവതാരകയെത്തുന്നത്. 2023 ല്‍ ദീപിക പദുക്കോണും ഈ നേട്ടം കൈവരിച്ചിരുന്നു.
ഇത്തവണത്തെ ഓസ്‌കാറിന്റെ പ്രധാന പ്രത്യേകത മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാരമായിരുന്നു. ഇതാദ്യമായാണ് ഓസ്‌കറില്‍ മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ കസാന്ദ്ര കുലുകുന്‍ഡിസ് ആണ് പുരസ്‌കാരം നേടിയത്. മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഫ്രാങ്കെന്‍സ്‌റ്റൈന്‍.
46 കാരി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ആണ് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ നേടിയത്. മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് ഓട്ടം ഡ്യൂറള്‍ഡ്. അക്കാദമിയുടെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ഈ വിഭാഗത്തില്‍ വിജയിക്കുന്ന ആദ്യ വനിതയുമായി ഓട്ടം ഡ്യൂറള്‍ഡ്.



