22
Mar 2026
Sun
22 Mar 2026 Sun
IS case acquitted

ന്യൂഡല്‍ഹി: നിരപരാധികളെ തീവ്രവാദ കേസില്‍ കുടുക്കുന്ന ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ കുപ്രസിദ്ധിക്ക് മറ്റൊരു തെളിവ് കൂടി. ഐസ് ബന്ധത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് മുസ്ലിം യുവാക്കളെ എട്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഡല്‍ഹി പാട്യാല ഹൗസ് കോടതി വിട്ടയച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജംഷീദ് സഹൂര്‍ പോള്‍, പര്‍വേസ് റാഷിദ് ലോണ്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും തെളിവുകളില്ല. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിത് ബന്‍സാല്‍ ഇരുവരെയും വെറുതെവിട്ടത്.

പ്രതികളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു എന്ന പൊലീസിന്റെ അവകാശവാദത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടികയിലും സൈറ്റ് പ്ലാനിലും എഫ്‌ഐആര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആയുധങ്ങള്‍ കണ്ടെടുത്തതിന് ശേഷമാണോ അതോ മുമ്പാണോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് പ്രോസിക്യൂഷന്‍ വാദങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.

ALSO READ: 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി; മിഡില്‍ ഈസ്റ്റ് ഇരുട്ടിലാവുമെന്ന് തിരിച്ചടിച്ച് ഇറാന്‍

പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതിന് മുമ്പ് ഏകദേശം രണ്ട് മാസത്തോളം സീല്‍ ചെയ്യാത്ത അവസ്ഥയില്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. അതിനാല്‍ തന്നെ ഫോണില്‍ നിന്ന് ലഭിച്ച ബിബിഎം ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. ഐസ് അംഗത്വമോ, ഭീകരവാദ പ്രവര്‍ത്തനങ്ങളിലുള്ള പങ്കോ, ആയുധങ്ങള്‍ ശേഖരിച്ചതോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

2018 സെപ്റ്റംബര്‍ ഏഴിന് ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധങ്ങള്‍ ശേഖരിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കുറ്റം. 2022 ഏപ്രിലിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. 2024-ല്‍ പോലും ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

‘ഭീകരവാദി’ എന്ന മുദ്ര നീക്കം ചെയ്യപ്പെട്ടെങ്കിലും, തിരിച്ചുപിടിക്കാനാവാത്ത എട്ട് വര്‍ഷങ്ങളാണ് നഷ്ടമായതെന്ന് എപിസിആര്‍ ദേശീയ സെക്രട്ടറി നദീം ഖാന്‍ പറഞ്ഞു. കെട്ടിച്ചമച്ച ആരോപണങ്ങള്‍ വരുത്തിവെക്കുന്ന ആഘാതത്തെ അദ്ദേഹം എടുത്തുപറഞ്ഞു. കൃത്യമായ തെളിവുകളില്ലാതെ തന്നെ നടപടികളുമായി മുന്നോട്ടുപോകാന്‍ യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ജനറല്‍ സെക്രട്ടറി മാലിക് മുതാസിം ചൂണ്ടിക്കാട്ടി.