19
Apr 2026
Sun
19 Apr 2026 Sun
nashik tcs case

Nashik TCS case നാസിക്: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ (ടിസിഎസ്) ജീവനക്കാര്‍ ഉള്‍പ്പെട്ട നാസിക് കേസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും പ്രതിയായ റാസ മേമന്റെ അമ്മാവന്‍ ആരോപിച്ചു. കേസില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബജ്റംഗ് ദളിനെതിരെ ആരോപണം

‘എല്ലാ കുടുംബങ്ങളും വലിയ പ്രയാസത്തിലാണ്. ഇതെല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് നടക്കുന്നത്. ഇതില്‍ ബജ്റംഗ് ദളിന് പങ്കുണ്ട്. പെണ്‍കുട്ടിയുടെ കുടുംബമാണ് ബജ്റംഗ് ദളിനെ വിളിച്ചത്. അന്വേഷണത്തിന് ശേഷം വിട്ടയച്ച ഒരാളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. നടന്നതെല്ലാം നേരത്തെ എഴുതിത്തയ്യാറാക്കിയ തിരക്കഥ പോലെയാണ്,’ റസാഖ് കാസി ആരോപിച്ചു.

യഥാര്‍ത്ഥ പരാതിയുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തികളെപ്പോലും കേസില്‍ അന്യായമായി ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് എഫ്ഐആറുകള്‍; ഗുരുതര ആരോപണങ്ങള്‍

ടിസിഎസിന്റെ ബിപിഒ യൂണിറ്റിലെ ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മതപരിവര്‍ത്തനശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഒന്‍പത് എഫ്ഐആറുകളാണ് നാസിക് സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിനെത്തുടര്‍ന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും കമ്പനി ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

അതേസമയം, ‘കോര്‍പ്പറേറ്റ് ജിഹാദ്’, ‘ലവ് ജിഹാദ്’, ‘ലാന്‍ഡ് ജിഹാദ്’ എന്നിവയ്‌ക്കെതിരെ വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്റംഗ് ദളും പ്രതിഷേധം സംഘടിപ്പിച്ചു. ഹൈദരാബാദിലെ കച്ചേഗുഡ ക്രോസ് റോഡിലുള്ള സവര്‍ക്കര്‍ പ്രതിമയ്ക്ക് സമീപമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വ്യക്തിപരമായ തര്‍ക്കമെന്ന് കുടുംബം

പ്രണയബന്ധത്തിലുണ്ടായ തര്‍ക്കമാണ് ഇത്രയും വലിയ കേസുകളിലേക്ക് നയിച്ചതെന്ന് പ്രതികളുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. പ്രതിയും പരാതിക്കാരിയും കോളേജ് കാലം മുതല്‍ സുഹൃത്തുക്കളായിരുന്നുവെന്നും ഇവര്‍ തമ്മിലുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണതാണ് പരാതിക്ക് പിന്നിലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബാബ സയ്യിദ് പറഞ്ഞു. മാര്‍ച്ച് 26-ന് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ പരാതിക്ക് പിന്നാലെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒട്ടേറെ എഫ്ഐആറുകള്‍ വന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

അന്വേഷണം തുടരുന്നു

വിദേശ ഫണ്ടിംഗോ തീവ്രവാദ ബന്ധമോ ഉള്ളതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ സന്ദീപ് കര്‍ണിക് വ്യക്തമാക്കി. എന്നിരുന്നാലും, കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി എന്‍ഐഎ (NIA), എടിഎസ് (ATS), സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്നിവരുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ ഗൂഡാലോചന

‘ലൗ ജിഹാദ്’ ആഖ്യാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മുന്‍കൂട്ടി നിശ്ചയിച്ച ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന്
എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി
ആരോപിച്ചു. ഇതിനുപുറമെ, വലതുപക്ഷ ഹിന്ദുത്വ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ‘കോര്‍പ്പറേറ്റ് ജിഹാദ്’ എന്ന സിദ്ധാന്തം ആക്രമണാത്മകമായി പ്രചരിപ്പിക്കുകയും, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ടെലിവിഷന്‍ സംവാദങ്ങളിലൂടെയും തെറ്റായ വിവരങ്ങളും വര്‍ഗീയ വിദ്വേഷവും പടര്‍ത്തി മുസ് ലിം സമുദായത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയുമാണെന്ന് അവര്‍ നിരീക്ഷിച്ചു.

ബജ്‌റംഗ് ദളിന്റെ ഇടപെടലിലൂടെ ഒരു വ്യക്തിപരമായ വിഷയത്തെ എങ്ങനെയാണ് വലിയൊരു വിവാദമാക്കി മാറ്റിയതെന്ന് പ്രതികളുടെ കുടുംബങ്ങള്‍ വെളിപ്പെടുത്തിയതായി ഫാറൂഖി പറഞ്ഞു. സാധാരണ ജോലിസ്ഥലത്തെ പ്രശ്നങ്ങളെ വക്രീകരിക്കുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും കെട്ടിച്ചമയ്ക്കുകയുമാണ് ചെയ്തത്. നിദാ ഖാനെ ഒരു സൂത്രധാരയായും സീനിയര്‍ എച്ച്ആര്‍ ഉദ്യോഗസ്ഥയായും ചിത്രീകരിക്കുന്നത് തികച്ചും തെറ്റാണെന്ന് അവര്‍ വ്യക്തമാക്കി. നിദാ ഖാന്‍ എച്ച്ആര്‍ മാനേജരോ റിക്രൂട്ട്‌മെന്റില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയോ അല്ലെന്നും, ഒരു പ്രോസസ് അസോസിയേറ്റായി ജോലി ചെയ്യുന്നയാളാണെന്നും ടിസിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭിണിയായ അവര്‍ നിലവില്‍ മുംബൈയിലെ ഭര്‍ത്താവിന്റെ വീട്ടിലാണെന്നും, ഒളിവില്‍ പോയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.