വയനാട്ടിലെ മുണക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുനിര്‍മിക്കാന്‍ കോണ്‍ഗ്രസ് ‘സ്റ്റാന്‍ഡ് വിത്ത് വയനാട്’ എന്ന ആപ്പിലൂടെ പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്ത്. മൂന്നുകോടിയിലധികം രൂപയാണ് ആപ്പിലൂടെ പിരിച്ചതായി കാണിച്ചിട്ടുള്ളത്. എന്നാല്‍, ആപ്പില്‍ രേഖപ്പെടുത്തിയ കണക്കും പാര്‍ട്ടി പുറത്തുവിട്ട കണക്കും തമ്മില്‍ ബന്ധമില്ല.
|
രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആകെ 150 കോടിയോളം രൂപ പിരിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്നുള്ള വിവരം. 5.38 കോടി രൂപ മാത്രമാണ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എത്തിയതെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പുറത്തുവിട്ട കണക്ക്. എന്നാല്‍, 3.78 കോടി രൂപ മാത്രമാണ് ആകെ ലഭിച്ച തുകയായി ആപ്പില്‍ കാണിക്കുന്നത്.
ഐ.ടി വിദഗ്ധനായ രജിത്ത് രാമചന്ദ്രനാണ് ആപ്പിലെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. വന്‍കിട കമ്പനികള്‍, സര്‍വീസ് സംഘടനകള്‍, പ്രവാസി സംഘടനകള്‍ എന്നിവര്‍ നല്കിയ തുകയുടെ കണക്ക് ആപ്പില്‍ കാണിച്ചിട്ടില്ലെന്ന് രജിത്ത് രാമചന്ദ്രന് പറയുന്നു. 2024 സെപ്റ്റംബര്‍ മാസത്തെ കണക്കും രേഖപ്പെടുത്തിയിട്ടില്ല.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം ജില്ലയില്‍നിന്നുപോലും നാലുലക്ഷം രൂപ മാത്രമേ ലഭിച്ചൂവെന്നാണ് ആപ്പില്‍ കാണിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണില്ലാതെ സ്വന്തം നിലയില്‍ 100 വീടുകള്‍ വെച്ചുനല്‍കുമെന്ന് അവകാശപ്പെട്ടാണ് കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങിയത്. എന്നാല്‍, കൃത്യമായ കണക്കുകള്‍ വ്യക്തമാക്കാന്‍ സാധിക്കാത്തതും വീട് പണിയുടെ പ്രാഥമിക നടപടികള്‍ പോലും ഇനിയും തുടങ്ങാത്തതും വലിയ വിവാദത്തിനിടയാക്കിയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുക്കിയ ആപ്പിലെ വിവരങ്ങള്‍ പൊക്കി
ആപ്പില്‍ ഉള്ളത്
ആകെ സമാഹരിച്ച തുക: 3,78,68,718 (മൂന്ന് കോടി എഴുപത്തിയെട്ട് ലക്ഷത്തി അറുപത്തിയെണ്ണായിരത്തി എഴുനൂറ്റി പതിനെട്ട്)
ആകെ നടന്ന ഇടപാടുകള്‍ (വിജയകരമായവ): 22,702
ജില്ല/റീജിയന് തിരിച്ചുള്ള കണക്കുകള്‍ അവിശ്വസനീയം, എറണാകുളം അടക്കമുള്ള ഭൂരിപക്ഷം ജില്ലകളില്‍ നിന്നും 15 ലക്ഷം രൂപ പോലും ലഭിച്ചതായി കണക്കില്‍ ഇല്ല. കോട്ടയം പോലെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് 4 ലക്ഷത്തില്‍ കുറവ് ആണ് കണക്കില്‍ ഉള്ളത്.
ആപ്പില്‍ ഇല്ലാത്തത്
2024 സെപ്റ്റംബര്‍ മാസത്തെ കണക്ക് ആപ്പില്‍ ഇല്ല. ആ മാസത്തെ മുഴുവന്‍ ഡാറ്റയും കാണാന്‍ ഇല്ല. ഉരുള്‍പൊട്ടല്‍ നടന്ന് ഏറ്റവും കൂടുതല്‍ പിരിവ് നടന്ന മാസമാണ് സെപ്റ്റംബര്‍. ഇത് മുഴുവനായി മുക്കി.
വന്‍കിട സംഭാവനകള്‍, സര്‍വീസ് സംഘടനകള്‍, പ്രവാസി സംഘടനകള്‍ എന്നിവര്‍ കൊടുത്ത കണക്ക് ആപ്പില്‍ ഇല്ല. അതും മുഴുവനായി മുക്കി. എന്നാല്‍, ആപ്പ് വഴി അല്ലാതെ പിരിച്ച ഒരു 10 ലക്ഷത്തിന്റെയും ഒരു 20 ലക്ഷത്തിന്റെയും രേഖകള്‍ ആപ്പില്‍ ഉണ്ട്.
പുറത്ത് വിട്ട കണക്കും ആപ്പില്‍ ഉള്ള കണക്കും തമ്മില്‍ ഒരു ബന്ധവും ഇല്ല, പക്ഷേ ടോട്ടല്‍ ഒന്നാണ്.
ആപ്പ് ലൈവ് ആക്കാന്‍ ഒരു മിനുട്ട് പോലും വേണ്ട എന്ന ഞെട്ടിക്കുന്ന സത്യവും മനസ്സിലാക്കി.



