29
Apr 2026
Wed
29 Apr 2026 Wed
kerala gold price down

Kerala gold price  ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില മുകളിലേക്ക് കയറുന്നു. കേരളത്തില്‍ ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 13,875 രൂപയിലെത്തി. 320 രൂപ വര്‍ധിച്ച് 1,11,000 രൂപയാണ് പവന്‍വില. ഇന്നലെ 3 തവണയായി പവന് 2000 രൂപയിലേറെ കുറഞ്ഞിരുന്നു. രാജ്യാന്തരവില ഔണ്‍സിന് 4577 ഡോളറില്‍ നിന്ന് 4600ലേക്ക് മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് കേരളത്തില്‍ വില ഉയര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഇന്നു പ്രഖ്യാപിക്കുന്ന പണനയം സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കും ഇന്ത്യന്‍ സമയം വൈകിട്ടോടെയാണ് പ്രഖ്യാപനം. ഹോര്‍മുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എണ്ണവില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താനിടയില്ല. അതുകൊണ്ടുതന്നെ, ഡോളറും കടപ്പത്രങ്ങളും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായി തുടര്‍ന്നേക്കും. അതായത്, സ്വര്‍ണവില താഴാനുള്ള സാധ്യതയ്ക്കാണ് നിരീക്ഷകര്‍ മുന്‍തൂക്കം നല്‍കുന്നത്.

എണ്ണവില എങ്ങനെ സ്വര്‍ണത്തെ ബാധിക്കും?

യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ഇന്നു രാവിലെ ഒരുഘട്ടത്തില്‍ ബാരലിന് 100 ഡോളറിനും ബ്രെന്റ് വില 112 ഡോളറിനും മുകളിലെത്തിയിരുന്നെങ്കിലും ഇപ്പോള്‍ താഴ്ന്നു. ഡബ്ല്യുടിഐ 99.37ലേക്കും ബ്രെന്റ് 111.2 ഡോളറിലേക്കുമാണ് താഴ്ന്നത്. ഇതും ഇന്ന് സ്വര്‍ണവില കൂടാനിടയാക്കി. എങ്കിലും, എണ്ണവില ഉയര്‍ന്നതലത്തില്‍ നിലയുറപ്പിച്ചത് സ്വര്‍ണത്തിന് ക്ഷീണമായേക്കാമെന്നും കരുതപ്പെടുന്നു.