29
Apr 2026
Wed
29 Apr 2026 Wed
media one

കൊച്ചി: തങ്ങളുടെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ പ്രമുഖ മലയാളം വാര്‍ത്താ ചാനലായ മീഡിയവണ്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഫേസ്ബുക്കിന്റെ നടപടി ഏകപക്ഷീയമാണെന്നും സുപ്രീം കോടതി വിധികള്‍ക്കും ഐടി നിയമത്തിനും വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹര്‍ജിയിലെ പ്രധാന വാദങ്ങള്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മീഡിയവണ്‍ ടിവിയുടെ ഫേസ്ബുക്ക് പേജ് ഇന്ത്യയിലുള്ള ഉപയോക്താക്കള്‍ക്ക് കാണാനാകാത്ത വിധം നിയന്ത്രിച്ചത്. എന്നാല്‍ ഏത് തരത്തിലുള്ള ഉള്ളടക്കമാണ് നിയമലംഘനം നടത്തിയതെന്നോ എന്താണ് ഇതിന് പിന്നിലെ കാരണമെന്നോ വ്യക്തമാക്കാതെയാണ് ഈ നടപടിയെന്ന് ചാനല്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോളിസികള്‍ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെങ്കിലും ഒരു പേജ് മുഴുവനായി ബ്ലോക്ക് ചെയ്യാന്‍ അധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്രമസമാധാന ഏജന്‍സികളോ ഇന്ത്യന്‍ സര്‍ക്കാരോ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് പേജ് ബ്ലോക്ക് ചെയ്തതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന ഏക വിശദീകരണം.

ഇന്ത്യക്ക് പുറത്ത് പേജ് ഇപ്പോഴും ലഭ്യമാണെന്നും വാര്‍ത്തകള്‍ അപ്ലോഡ് ചെയ്യുന്നതിനോ മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ക്കോ തടസ്സമില്ലെന്നും മീഡിയവണ്‍ അറിയിച്ചു.

നേരത്തേയും നിയന്ത്രണം

2022 ജനുവരിയില്‍ ‘ദേശീയ സുരക്ഷാ കാരണങ്ങള്‍’ ചൂണ്ടിക്കാട്ടി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞിരുന്നു. എന്നാല്‍ 2023 ഏപ്രിലില്‍ സുപ്രീം കോടതി ഈ നിരോധനം റദ്ദാക്കി. തെളിവുകളില്ലാതെ ദേശീയ സുരക്ഷാ ഭീഷണി ഉന്നയിക്കാനാകില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഒരു മാധ്യമത്തെ ‘ദേശവിരുദ്ധം’ ആക്കില്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു. ചാനലിന്റെ നിലവിലെ ഹര്‍ജി ഹൈക്കോടതി ഉടന്‍ പരിഗണിക്കും.