03
May 2026
Sun
03 May 2026 Sun
Indira bhavan thiruvananthapuram

തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തില്‍. വിജയം വലിയ ആഘോഷമാക്കാന്‍ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പന്തല്‍ ഒരുങ്ങി. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫ് വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എല്‍ഡിഎഫിനെതിരെ ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

സക്രീനിങ് കമ്മിറ്റി യോഗം മറ്റന്നാള്‍

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. മറ്റന്നാള്‍ എഐസിസി നിരീക്ഷകര്‍ പങ്കെടുക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചര്‍ച്ചയില്‍ എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍, ഘടകകക്ഷികള്‍ എന്നിവരുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നില്‍ കൂടുതല്‍ പേരുകള്‍ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.