13
May 2026
Mon
13 May 2026 Mon
NEET question paper leak

 NEET exam question paper leak ന്യൂഡല്‍ഹി: 2026ലെ നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം. പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് ആരോപണം. രാജസ്ഥാനിലെ സിക്കാറില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ച ഒരു ചോദ്യാവലിയുടെ ഭാഗം യഥാര്‍ഥ ചോദ്യപേപ്പറുമായി ഏറെക്കുറെ സാമ്യമുള്ളതാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നോയെന്ന ആശങ്കയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിലെ 720 മാര്‍ക്കില്‍ ഏകദേശം 600 മാര്‍ക്കും മുന്‍കൂട്ടി പ്രചരിച്ച ഒരു ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇത് പരീക്ഷക്ക് മുമ്പ് തയാറാക്കിയ ഊഹംവെച്ചുള്ള ഒരു ചോദ്യപേപ്പറാണോ അതോ യഥാര്‍ഥ ചോദ്യപേപ്പര്‍ ചോര്‍ന്നതാണോ എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) മേയ് പത്തിന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നീറ്റ് പരീക്ഷക്ക് ശേഷം സംഭവം ശ്രദ്ധയില്‍പ്പെട്ടതായും തുടര്‍ന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറിയതായും ഏജന്‍സി അറിയിച്ചു. കൂടാതെ സംഭവം സുതാര്യമായി പരിശോധിക്കുമെന്നും തുടര്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും എന്‍.ടി.എ അറിയിച്ചു.

ഉത്തരങ്ങളുടെ ക്രമത്തിലും സാമ്യം

നിരവധി ചോദ്യങ്ങളിലെ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും യഥാര്‍ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നീറ്റ് പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് സിക്കാറില്‍ നിന്നാണ് ചോദ്യാവലി ആദ്യം പുറത്തുവന്നതെന്നും 20,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ വിലക്ക് ഇത് വിദ്യാര്‍ഥികള്‍ക്ക് വിറ്റുവെന്നും ബന്ധപ്പെട്ടവൃത്തങ്ങള്‍ പറയുന്നു.

പരീക്ഷയുടെ തലേദിവസം രാത്രിയോടെ, ഓരോ പകര്‍പ്പും ഏകദേശം 30,000 രൂപ വിലക്ക് പ്രചരിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. എസ്.ഒ.ജി അന്വേഷണത്തില്‍ സംശയാസ്പദമായ ചോദ്യാവലി കേരളത്തിലെ ഒരു മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥിയുടേതാണെന്ന് കണ്ടെത്തി. മേയ് ഒന്നിന് സിക്കാറിലെ സുഹൃത്തിന് ഇത് പങ്കുവെച്ചതായും പറയുന്നു. തുടര്‍ന്ന് ഇത് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു.

കൈപ്പടയിലെഴുതിയ 300ലേറെ ചോദ്യങ്ങള്‍

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയില്‍ നിന്നുള്ള 300ലധികം കൈയക്ഷര ചോദ്യങ്ങള്‍ ഈ മെറ്റീരിയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷകര്‍ അവകാശപ്പെടുന്നു. കൂടാതെ ഇതിലെ കൈയക്ഷരമെല്ലാം സമാനമായി കാണപ്പെടുന്നു. ഏകദേശം 140 ചോദ്യങ്ങള്‍ നീറ്റിന്റെ യഥാര്‍ഥ ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നതായും പറയുന്നു. ഓരോ ചോദ്യത്തിനും നാല് മാര്‍ക്ക് ഉള്ളതിനാല്‍, ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ റാങ്കിങ്ങിലും പ്രവേശനത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പരീക്ഷക്ക് മുമ്പുതന്നെ ഈ മെറ്റീരിയല്‍ നിരവധി വിദ്യാര്‍ഥികളിലേക്ക് എത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അച്ചടിച്ച പകര്‍പ്പുകള്‍ ഓഫ്ലൈനായി വിതരണം ചെയ്തിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ സിക്കാറിലെ ഒരു പി.ജി ഓപ്പറേറ്റര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ എസ്.ഒ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തുടര്‍ നടപടികള്‍ സ്വീകരിക്കുക. നെറ്റ്വര്‍ക്കിന്റെ വ്യാപ്തി, ചോദ്യബാങ്കിന്റെ ഉറവിടം, ഏതെങ്കിലും സംഘടിത റാക്കറ്റ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം.