തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്യുടെ സര്‍ക്കാര്‍ ഇന്ന് നേരിടുന്ന വിശ്വാസ വോട്ടെടുപ്പ് ഒരു രാഷ്ട്രീയ ത്രില്ലറായി മാറുകയാണ്. നേരിയ ഭൂരിപക്ഷത്തോടെ വിജയ് സര്‍ക്കാര്‍ അതിജീവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
|
സഭയിലെ കണക്കുകള്‍ ഇങ്ങനെ
തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 118 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ച വിജയ് അതിലൊന്ന് രാജിവെച്ചതോടെ നിലവില്‍ ടി.വി.കെക്ക് 107 എം.എല്‍.എമാരാണുള്ളത്. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് അഞ്ച് എം.എ.എമാരുണ്ട്. ഡി.എം.കെ സഖ്യകക്ഷികളായ സി.പി.ഐ, സി.പി.എം, ഐ.യു.എം.എല്‍, വി.സി.കെ എന്നിവരുടെ 8 എം.എല്‍.എമാര്‍ കൂടി വിജയ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നു.
വിവാദമായ ഒറ്റ വോട്ട് വിജയത്തെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കിയ ശ്രീനിവാസ സേതുപതിയുടെ കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. വിധി എതിരായാല്‍ സര്‍ക്കാരിന്റെ അംഗബലം ഒന്നുകൂടി കുറയും. എങ്കിലും ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാള്‍ ഒരു വോട്ട് അധികം സര്‍ക്കാരിനുണ്ടാകും.
എ.ഐ.എ.ഡി.എം.കെ വിമതരുടെ നീക്കം
എടപ്പാടി പളനിസ്വാമിയുമായി തെറ്റിനില്ക്കുന്ന 30 എ.ഐ.എ.ഡി.എം.കെ വിമത എം.എല്‍.എമാരാണ് ഈ വോട്ടെടുപ്പിലെ അപ്രതീക്ഷിത ഘടകം. പാര്‍ട്ടി വിപ്പ് ഇല്ലാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഇവരുടെ നീക്കം. ഇത് സഭയില്‍ ഹാജരായവരുടെ എണ്ണം കുറയ്ക്കുകയും അതുവഴി വിജയ് സര്‍ക്കാരിന്റെ വിജയം എളുപ്പമാക്കുകയും ചെയ്യും.
പളനിസ്വാമിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി ഭാവിയില്‍ ടി.വി.കെ സര്‍ക്കാരിന്റെ ഭാഗമാകാനാണ് വിമതരുടെ ലക്ഷ്യം. പളനിസ്വാമി ഡി.എം.കെയുമായി രഹസ്യധാരണയുണ്ടാക്കുന്നുവെന്നും ഇത് പാര്‍ട്ടിയെ ഒറ്റിക്കൊടുക്കലാണെന്നും വിമതര്‍ ആരോപിക്കുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ വിജയ് വിജയിക്കുമെന്ന് കരുതപ്പെടുമ്പോഴും, തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പന്‍ മാറ്റങ്ങളുടെ തുടക്കമായാണ് ഈ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
Which Way Will AIADMK Rebels Turn? Trust Vote For Vijay Is EPS Battleground



