കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തെ വിജയത്തിലേക്ക് നയിച്ച് തമിഴ് രാഷ്ട്രീയം അട്ടിമറിച്ച സൂപ്പര്‍ താരം വിജയ്, നാടകീയമായ വിശ്വാസ വോട്ടെടുപ്പിനൊടുവില്‍ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
|
വിശ്വാസ വോട്ടെടുപ്പില്‍ വിജയ് സര്‍ക്കാരിനെ 144 എം.എല്‍.എമാര്‍ പിന്തുണച്ചു. 22 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ അഞ്ച് പേര്‍ വിട്ടുനിന്നു.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാന എതിരാളികളായ ഡി.എം.കെയുടെ 59 എം.എ.എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്നാമത്തെ വലിയ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയിലെ 47 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
‘വിസില്‍ (ടി.വി.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) ചരിത്രം മാറ്റിമറിച്ചു’ എന്ന് വോട്ടെടുപ്പിന് ശേഷം വിജയ് പ്രതികരിച്ചു. തങ്ങളുടേത് ഒരു ന്യൂനപക്ഷ സര്‍ക്കാരാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എ.ഐ.എ.ഡി.എം.കെ പിളര്‍ന്നു
പാര്‍ട്ടി മേധാവി എടപ്പാടി പളനിസ്വാമിയുടെ ഉത്തരവ് ലംഘിച്ച് 25 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ വിജയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തരായ എ.ഐ.എ.ഡി.എം.കെ വലിയൊരു പിളര്‍പ്പിന്റെ വക്കിലാണെന്ന് ഈ നീക്കം സൂചിപ്പിക്കുന്നു.
വിശ്വാസ വോട്ടെടുപ്പിലെ വിജയത്തിന് അപ്പുറം എ.ഐ.എ.ഡി.എം.കെ ക്യാമ്പിലുണ്ടായ ഈ ചേരിതിരിവാണ് തമിഴ് രാഷ്ട്രീയത്തിലെ നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം.
Vijay Wins Floor Test With 144 Votes



