ന്യൂഡല്‍ഹി: നീറ്റ് യുജി (NEET-UG) പരീക്ഷാ നടത്തിപ്പില്‍ വന്‍ പരിഷ്‌കാരം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി (CBT Mode) നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ഈ സുപ്രധാന തീരുമാനം.
|
റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷ ജൂണ്‍ 21-ന് നടക്കും. ഇതിനായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ 14-ന് പുറത്തിറക്കും. പുനഃപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫീസ് സൗജന്യമായിരിക്കും. നേരത്തെ അടച്ച ഫീസ് റീഫണ്ട് ചെയ്യും.
കര്‍ശന നടപടി
പരീക്ഷാ ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് സിബിഐ (CBI) വിശദമായ അന്വേഷണം നടത്തും. പരീക്ഷാ ശൃംഖലയിലെ ഏത് ഘട്ടത്തിലാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍
പരീക്ഷയ്ക്ക് ഒരാഴ്ച്ച മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട പരീക്ഷാ കേന്ദ്രം (City) തിരഞ്ഞെടുക്കാന്‍ എന്‍ടിഎ സൗകര്യം നല്‍കും. കാലാവസ്ഥ പരിഗണിച്ച് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധ്യമായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
‘കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ തട്ടിയെടുക്കാന്‍ ഒരു മാഫിയയെയും അനുവദിക്കില്ല. പരീക്ഷാ സംവിധാനത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസം വീണ്ടെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം,’ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.



