28
Jul 2026
Tue
28 Jul 2026 Tue
DELHI PROTEST CRIMINALS SML

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി കഴിഞ്ഞ ആഴ്ച ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ സമരങ്ങുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഡല്‍ഹി പോലീസ്. നൂറുകണക്കിന് ജി.ബി (GB) ഡാറ്റയാണ് പോലീസ് അരിച്ചു പെറുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉന്നത സുരക്ഷാ മേഖലയായ സെന്‍ട്രല്‍ ഡല്‍ഹിയിലെ പ്രതിഷേധ സ്ഥലത്ത് ജൂലൈ 20, 22 തീയതികളില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (CJP) പ്രവര്‍ത്തകരും പോലീസും തമ്മില്‍ വന്‍ ഏറ്റുമുട്ടലാണ് നടന്നത്. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകയറാനും പോലീസുകാരെ ആക്രമിക്കാനും കല്ലെറിയാനും പൊതുമുതല്‍ നശിപ്പിക്കാനും ആള്‍ക്കൂട്ടം ശ്രമിക്കുന്നതിന്റെ നൂറിലധികം സി.സി.ടി.വി ക്ലിപ്പുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ പോലീസിന്റെ ക്രിമിനല്‍ റെക്കോര്‍ഡുകളിലുള്ള നിരവധിയാളുകളുടെ മുഖങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം (Facial Recognition System) ഉപയോഗിച്ച് ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമുള്ള 2,873 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമരം തകര്‍ക്കാന്‍ സംഘപരിവാര പശ്ചാത്തലമുള്ള ക്രിമിനലുകള്‍ നുഴഞ്ഞു കയറിയെന്ന സിജെപി ആരോപണം ശരിവയ്ക്കുന്നതാണ് പോലീസ് കണ്ടെത്തല്‍.

ഇതില്‍ 989 പേര്‍ കൊലപാതകം, ബലാത്സംഗം, തട്ടിയെടുക്കല്‍, കവര്‍ച്ച, പോക്‌സോ (POCSO) നിയമപ്രകാരമുള്ള കേസുകള്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരാണെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. തിരിച്ചറിഞ്ഞവരില്‍ ഭൂരിഭാഗം പേരും സ്ഥിരം കുറ്റവാളികളുടെ പട്ടികയിലുള്ളവരാണെന്നും, വലിയൊരു വിഭാഗത്തിന് ഒന്നിലധികം കേസുകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ALSO READ: ‘സമരത്തില്‍ പങ്കെടുത്ത ഒരാളെയും കൈയൊഴിയില്ല’: സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഉറപ്പുമായി സി.ജെ.പി

പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരം താഴെ പറയുന്നതാണ്:

കൊലപാതകം: 101
വധശ്രമം: 62
കവര്‍ച്ച: 284
ബലാത്സംഗം: 61
പോക്‌സോ (POCSO) കേസ്: 6
ലൈംഗിക അതിക്രമം: 25
ആംസ് ആക്ട് (Arms Act): 229
തട്ടിയെടുക്കല്‍: 19

കൊലപാതകക്കേസുകളില്‍ പ്രതികളായ 101 പേരില്‍ 42 പേര്‍ക്ക് രണ്ടും അതിലധികവും കേസുകളും, 12 പേര്‍ക്ക് പത്തോ അതിലധികമോ കേസുകളുമുണ്ട്. ബലാത്സംഗക്കേസുകളിലെ 61 പ്രതികളില്‍ 8 പേര്‍ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

പോലീസുകാരെ ആക്രമിക്കല്‍, ബാരിക്കേഡുകള്‍ തകര്‍ക്കല്‍, കല്ലേറ്, പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കല്‍, വാഹനങ്ങള്‍ തകര്‍ക്കല്‍, ജനനിബിഡമായ സ്ഥലങ്ങളില്‍ നിരോധനാജ്ഞ ലംഘിക്കല്‍ എന്നിവയെല്ലാം സി.സി.ടി.വി ദൃശ്യങ്ങളില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

ജൂലൈ 20-ന് സംസദ് മാര്‍ഗില്‍ നിരവധിയിടങ്ങളില്‍ ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറുന്നതും കല്ലെറിയുന്നതും കാണാം. അന്ന് ജന്തര്‍ മന്തറിന് സമീപം പോലീസുകാരന്‍ ഉള്ളിലിരിക്കെ പോലീസ് വാഹനം മറിച്ചിടാന്‍ ശ്രമിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ടോള്‍സ്റ്റോയ് മാര്‍ഗില്‍ വാഹനത്തിന് തീയിടുകയും ബസിന്റെ ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു.

പോലീസുകാര്‍ക്ക് നേരെ നേരിട്ടുള്ള ആക്രമണങ്ങളാണ് പല വീഡിയോകളിലുമുള്ളത്. പരിക്കേറ്റ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് കാണാം. സംസദ് മാര്‍ഗില്‍ വെച്ച് പോലീസുകാരനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി. യൂണിഫോമില്‍ രക്തം പറ്റി നില്‍ക്കുന്ന നിരവധി പോലീസുകാരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ 200-ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ് അറിയിച്ചു.

ജൂലൈ 22-ലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരായ നന്ദകിഷോര്‍, വിവേക് ഭഗത് എന്നിവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും വ്യക്തമാണ്.

ഗുണ്ടാ സംഘത്തിന് പിന്നില്‍ ആര്?

സമാധാനപരമായി മുന്നോട്ട് പോയിരുന്ന സമരം അപ്രതീക്ഷിതമായി അക്രമാസക്തമായതിന് പിന്നില്‍ ഇത്തരം ക്രിമിനല്‍ സംഘങ്ങളാണെന്നാണ് കരുതുന്നത്. ഇവര്‍ സ്വമേധയാ സമര സ്ഥലത്ത് എത്തിയതാണോ, അതോ ഇതില്‍ ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ ഉണ്ടോ എന്ന കാര്യം അവ്യക്തമാണ്. യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെ പോലീസുകാര്‍ എന്നവകാശപ്പെടുന്ന ചിലര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ പലരും ആര്‍എസ്എസ് ഗുണ്ടകളാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

പ്രകോപന പ്രസ്താവനകള്‍ പരിശോധിക്കും

ക്യാമറയ്ക്ക് മുന്നില്‍ ചില പ്രതിഷേധക്കാര്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും പോലീസ് വിശകലനം ചെയ്യുന്നുണ്ട്. കോണാട്ട് പ്ലേസില്‍ വെച്ച് ഒരു സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളും, പാര്‍ലമെന്റിനെക്കുറിച്ച് ഒരു വ്യക്തി നടത്തിയ പ്രകോപനപരമായ പ്രസ്താവനകളും ഇതില്‍ ഉള്‍പ്പെടുന്നു.

നീറ്റ് (NEET) ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സി.ജെ.പിയുടെ സമരം. അദ്ദേഹം രാജിവെച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച സി.ജെ.പി സമരം അവസാനിപ്പിച്ചു. ജൂലൈ 20-ലെ ‘ചലോ സംസദ്’ മാര്‍ച്ചിന് ശേഷം രാജ്യത്തുടനീളം സമരക്കാര്‍ക്കെതിരെ നിരവധി എഫ്.ഐ.ആറുകള്‍ (FIR) രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ഇവ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി സി.ജെ.പി അറിയിച്ചിട്ടുണ്ട്.

Tags:

DelhiPolice, FacialRecognition, JantarMantar, CJPProtest, DelhiNews, CrimeNews, CrimeBranch, IndiaNewsMalayalam, LatestMalayalamNews, KeralaNews

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക