27
Jul 2026
Mon
27 Jul 2026 Mon
bengaluru techie

ബംഗളൂരു: പ്രതിമാസം 2 ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും കടങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തനിക്ക് ഇപ്പോഴും സാമ്പത്തികമായി ദരിദ്രനാണെന്ന തോന്നലാണെന്ന് 26-കാരനായ ബംഗളൂരു ടെക്കി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ (Reddit) യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. സാമ്പത്തികമായി സുരക്ഷിതനാണെങ്കിലും പണത്തെക്കുറിച്ചുള്ള ആകുലതകളും സമാധാനമില്ലായ്മയും തന്നെ അലട്ടുന്നുണ്ടെന്ന് യുവാവ് വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാസം 6,000 – 7,000 രൂപ മാത്രം വരുമാനമുണ്ടായിരുന്ന വളരെ സാധാരണ കുടുംബത്തിലാണ് താൻ വളർന്നതെന്ന് യുവാവ് പറയുന്നു. 10×10 വിസ്തീർണ്ണമുള്ള ചെറിയൊരു മുറിയിലായിരുന്നു താമസം. 21-ാം വയസ്സിൽ ആദ്യ ജോലി ലഭിച്ചതോടെ കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി ശ്രമം.

“എനിക്ക് ജോലി ലഭിച്ചതോടെ മാതാപിതാക്കളുടെ ജോലി ഞാൻ നിർത്തിച്ചു. നാട്ടിൽ അവർക്കായി ഒരു 2BHK വീട് വാടകയ്ക്കെടുത്ത് നൽകി. ബംഗളൂരുവിൽ ഞാൻ സ്വന്തമായി ഒരു 2BHK ഫ്ലാറ്റിലാണ് താമസിക്കുന്നത്” – യുവാവ് കുറിച്ചു.

പ്രതിമാസം 30,000 രൂപ മ്യൂച്വൽ ഫണ്ടുകളിലും, 10,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റുകളിലും, 10,000 രൂപ സ്വർണ്ണത്തിലും താൻ നിക്ഷേപിക്കുന്നുണ്ട്. ഇതുകൂടാതെ 15,000 മുതൽ 20,000 രൂപ വരെ വീട്ടിലേക്ക് അയച്ചു നൽകുകയും ചെയ്യുന്നു. ബംഗളൂരുവിലെ വാടകയും മറ്റ് ചെലവുകളും ചേർത്ത് 25,000 രൂപയോളമാണ് ആകുന്നത്.

2021 മുതൽ ജോലി ചെയ്യുന്ന തനിക്ക് നിലവിൽ സ്റ്റോക്കുകളിൽ 4 ലക്ഷം രൂപയും, എഫ്.ഡിയിൽ 2 ലക്ഷം രൂപയും, സ്വർണ്ണത്തിൽ 2.5 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. കൂടാതെ ശമ്പള അക്കൗണ്ടിൽ 6 ലക്ഷം രൂപ സേവിങ്സായും കിടപ്പുണ്ട്.

ALSO READ: ‘നിങ്ങൾ എല്ലാം ത്യജിച്ചു, പക്ഷേ ഞാൻ പരാജയപ്പെട്ടു’: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗാർഹിക ഉപകരണങ്ങളും വാങ്ങുകയും, മാതാപിതാക്കൾക്ക് ഹെൽത്ത് ഇൻഷുറൻസും തനിക്ക് ലൈഫ് ഇൻഷുറൻസും എടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ നേടിയിട്ടും സാമ്പത്തികമായി താൻ സമ്പന്നനാണെന്ന് തോന്നിയിട്ടില്ലെന്ന് ഇയാൾ പറയുന്നു.

ഈ വർഷം വിവാഹം കഴിക്കാൻ പദ്ധതിയിടുന്നതിനാൽ കുറഞ്ഞത് 10 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സെക്കൻഡ് ഹാന്റ് കാർ, നാട്ടിൽ ഒരു പ്ലോട്ട്, ഒരു ബൈക്ക് എന്നിവ വാങ്ങണമെന്ന ആഗ്രഹവുമുണ്ട്. എന്നാൽ ആവശ്യത്തിന് പണമില്ലാത്തതല്ല, മറിച്ച് ഒരേ സമയം ഇവയെല്ലാം വാങ്ങാൻ കഴിയില്ലല്ലോ എന്ന ചിന്തയാണ് തന്നെ അലട്ടുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ഒരു ആഗ്രഹം സാധിക്കുമ്പോൾ മറ്റൊന്ന് ഉപേക്ഷിക്കേണ്ടി വരുന്നത് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു.

നാട്ടിലെ സുഹൃത്തുക്കളെ കാണുമ്പോഴാണ് കൂടുതൽ നിരാശ തോന്നുന്നത്. സാധാരണ തൊഴിലാളികളോ ഓട്ടോ ഡ്രൈവർമാരോ ആയ അവർ തന്നെക്കാൾ ഏറെ സന്തോഷവാന്മാരായി ജീവിക്കുന്നു. ലോണെടുത്താണെങ്കിലും ഇഷ്ടപ്പെട്ട ബൈക്കുകൾ വാങ്ങി അവർ ജീവിതം ആസ്വദിക്കുന്നു. എന്നാൽ സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടും താൻ ഏറെ പിന്നിലായിപ്പോയെന്ന തോന്നലാണ് ഉണ്ടാകുന്നതെന്ന് യുവാവ് കൂട്ടിച്ചേർത്തു. 750 രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഷർട്ട് വാങ്ങാൻ പോലും തനിക്ക് ഭയമാണെന്നും ഇയാൾ കുറിച്ചു.

റെഡ്ഡിറ്റിലെ പ്രതികരണങ്ങൾ

യുവാവിന്റെ കുറിപ്പ് വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലത്തുണ്ടായിരുന്ന കടുത്ത ദാരിദ്ര്യത്തിന്റെ മാനസിക ആഘാതമാണ് ശമ്പളം കൂട്ടിയിട്ടും മാറാത്തെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി.

“നിങ്ങൾ മറ്റുള്ളവരെക്കാൾ എത്രയോ മുന്നിലാണ്. മുൻകാല ചിന്താഗതികളിൽ നിന്ന് പുറത്തുകടക്കാനാണ് ശ്രമിക്കേണ്ടത്. അമിത ചിന്ത കാരണം സന്തോഷം ഇല്ലാതാക്കരുത്” എന്ന് ഒരു ഉപയോക്താവ് കുറിച്ചു.

കുറച്ചുകൂടി തനിക്കായി പണം ചെലവഴിക്കാനും വർത്തമാനകാലത്തിൽ സന്തോഷം കണ്ടെത്താനും മറ്റുചിലർ നിർദ്ദേശിച്ചു. ഒറ്റയടിക്ക് സ്വത്ത് സമ്പാദിക്കാൻ കഴിയില്ലെന്നും, ഘട്ടംഘട്ടമായി നിക്ഷേപങ്ങൾ മുന്നോട്ട് കൊണ്ടുപോയാൽ മുപ്പതുകളുടെ മധ്യത്തോടെ മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുമെന്നും ഉപയോക്താക്കൾ ആശ്വസിപ്പിച്ചു.

Tags:
Bengaluru Techie, Reddit Post, Financial Stress, Personal Finance, Bengaluru News, Techie Salary, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക