19
May 2026
Tue
19 May 2026 Tue
active shooter situation at the Islamic Center of San Diego in Southern California

സാന്‍ ഡിയാഗോ: അമേരിക്കയിലെ സാന്‍ ഡിയാഗോയിലുള്ള ഏറ്റവും വലിയ മസ്ജിദിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് കൗമാരക്കാരും മരിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വംശീയ വിദ്വേഷം മൂലമുള്ള കുറ്റകൃത്യമായാണ് (Hate Crime) ഇതിനെ കണക്കാക്കുന്നതെന്ന് സാന്‍ ഡിയാഗോ പോലീസ് ചീഫ് സ്‌കോട്ട് വാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്‍ ഡിയാഗോ’യിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മസ്ജിദിലെ ഒരു സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടുന്നു. സാന്‍ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മസ്ജിദാണിത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി അറബി ഭാഷ, ഇസ്ലാമിക പഠനം, ഖുര്‍ആന്‍ ക്ലാസുകള്‍ എന്നിവ നല്‍കുന്ന ‘അല്‍ റാഷിദ് സ്‌കൂളും’ ഈ കോംപ്ലക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് നിരവധി പോലീസ് വാഹനങ്ങള്‍ പ്രദേശത്ത് നിലയുറപ്പിച്ചു. സ്‌കൂളിലുണ്ടായിരുന്ന പന്ത്രണ്ടിലധികം കുട്ടികള്‍ പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് പാര്‍ക്കിംഗ് ഏരിയയിലൂടെ സുരക്ഷിതമായി പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അറബ് റെസ്റ്റോറന്റുകളും മാര്‍ക്കറ്റുകളും വീടുകളും നിറഞ്ഞ ജനവാസ മേഖലയിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ALSO READING: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ധനവില വര്‍ദ്ധിപ്പിച്ചു; പെട്രോളിനും ഡീസലിനും 90 പൈസയോളം കൂട്ടി

തിങ്കളാഴ്ച രാവിലെ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനായി മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട ഒരു സംഘം ആളുകള്‍ മസ്ജിദ് സന്ദര്‍ശിച്ചിരുന്നതായി മസ്ജിദ് ഇമാം താഹ ഹസ്സന്‍ പറഞ്ഞു. അന്തര്‍ദേശീയ മതസൗഹാര്‍ദ്ദത്തിനും കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിനുമാണ് ഈ സെന്റര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ജനവിഭാഗത്തെ സേവിക്കുക മാത്രമല്ല, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ സഹായിക്കാനും ബോധവല്‍ക്കരണത്തിനുമായാണ് മസ്ജിദ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്ലാമിക് സെന്ററിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ ഓഫീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സംഭവസ്ഥലത്ത് ഉടനടി എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും, പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും ഗവര്‍ണറുടെ ഓഫീസ് എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

ഇസ്ലാമോഫോബിയയുടെ ബാക്കി പത്രം

വെടിവെപ്പ് നടത്തിയ അക്രമികളുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, രാഷ്ട്രീയക്കാരും നിരീക്ഷകരും നിരന്തരമായി മുസ്ലിം സമൂഹത്തെ ലക്ഷ്യമിടുന്നതിലൂടെ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെ (ഇസ്ലാം വിരുദ്ധത) പശ്ചാത്തലത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

ഉദാഹരണത്തിന്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയായ കോണ്‍ഗ്രസ് അംഗം റാന്‍ഡി ഫൈന്‍ കഴിഞ്ഞ വര്‍ഷം അവസാനം മുസ്ലിംകളെ ‘നശിപ്പിക്കണം’ എന്ന് പ്രസ്താവിച്ചിരുന്നു.

തിങ്കളാഴ്ച വൈകീട്ട്, ട്രംപുമായി അടുത്ത ബന്ധമുള്ള തീവ്രവലതുപക്ഷ പ്രവര്‍ത്തക ലോറ ലൂമര്‍, വെടിവെപ്പുണ്ടായ ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്‍ ഡിയാഗോയില്‍ (കഇടഉ) ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്.ബി.ഐ) ഇമിഗ്രേഷന്‍ അധികൃതരും ചേര്‍ന്ന് റെയ്ഡ് നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇസ്രായേല്‍ കുട്ടികളെ കൊല്ലുകയാണെന്ന് ആരോപിച്ച് മസ്ജിദിലെ ഇമാമിന്റെ ഭാര്യ 2023-ല്‍ പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് അവര്‍ വീണ്ടും പങ്കുവെക്കുകയും ചെയ്തു.

‘ഇന്ന് വെടിവെപ്പ് ഉണ്ടായെന്ന് ‘പറയപ്പെടുന്ന’ മസ്ജിദ് ഇതാണ്. ഈ മസ്ജിദില്‍ പോകുന്നവര്‍ നമ്മളെയെല്ലാം കൊല്ലാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഓര്‍ക്കുക,’ ലോറ ലൂമര്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് ‘ഭയാനകമായ’ ഒരു സാഹചര്യമാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ‘എനിക്ക് ചില ആദ്യകാല വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഞങ്ങള്‍ ഇതിനെക്കുറിച്ച് വളരെ ശക്തമായി പരിശോധിക്കാന്‍ പോവുകയാണ്,’ യു.എസ് പ്രസിഡന്റ് പറഞ്ഞു.

തിങ്കളാഴ്ച അമേരിക്കയിലുടനീളമുള്ള ഡസന്‍കണക്കിന് ഉദ്യോഗസ്ഥര്‍ വെടിവെപ്പിനെ ശക്തമായി അപലപിച്ചു. ‘ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യത്തെക്കുറിച്ച് നമുക്ക് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എങ്കിലും അവിടുത്തെ വിദ്യാര്‍ത്ഥികള്‍, പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍, ക്ലെയര്‍മോണ്ട് കമ്മ്യൂണിറ്റി എന്നിവരെ ഓര്‍ത്ത് എന്റെ മനസ്സ് തകരുകയാണ്. എല്ലാവര്‍ക്കും സമാധാനത്തോടെ പ്രാര്‍ത്ഥിക്കാനും പഠിക്കാനുമുള്ള സാഹചര്യം ഉണ്ടാകണം,’ സാന്‍ ഡിയാഗോയെ പ്രതിനിധീകരിക്കുന്ന യു.എസ് കോണ്‍ഗ്രസ് അംഗം സാറാ ജേക്കബ്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ ഓഫീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രാദേശിക സുരക്ഷാ ഏജന്‍സികളുമായി ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അറിയിച്ചു. ‘കമ്മ്യൂണിറ്റിയെ സംരക്ഷിക്കാന്‍ സംഭവസ്ഥലത്ത് ഉടനടി എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു. ഒപ്പം പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

എഫ്.ബി.ഐ പ്രാദേശിക വിഭാഗം സംഭവത്തോട് പ്രതികരിച്ചിട്ടുണ്ടെന്നും, പ്രാദേശിക പങ്കാളികളെ സഹായിക്കാന്‍ ‘എല്ലാ സ്രോതസ്സുകളും ലഭ്യമാക്കുമെന്നും’ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി.

സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളെയും ബന്ധുക്കളെയും പരസ്പരം കണ്ടുമുട്ടുന്നതിനായി പോലീസ് ഒരു പ്രത്യേക കേന്ദ്രം (Reunification point) സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളെ അടുത്തുള്ള ഒരു പള്ളിയില്‍ (Church) നിന്ന് രക്ഷിതാക്കള്‍ക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് മസ്ജിദ് ഭാരവാഹികള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ, ന്യൂയോര്‍ക്കിലെ മസ്ജിദുകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (NYPD) പ്രഖ്യാപിച്ചു. ‘നിലവില്‍ ന്യൂയോര്‍ക്ക് നഗരവുമായോ ഇവിടുത്തെ ആരാധനാലയങ്ങളുമായോ ബന്ധപ്പെട്ട പ്രത്യേക ഭീഷണികളൊന്നും നിലവിലില്ല. എങ്കിലും, മുന്‍കരുതല്‍ എന്ന നിലയില്‍ നഗരത്തിലുടനീളമുള്ള മസ്ജിദുകളില്‍ പോലീസ് വിന്യാസം വര്‍ദ്ധിപ്പിക്കുകയാണ്,’ എന്‍.വൈ.പി.ഡി വ്യക്തമാക്കി.