29
May 2026
Fri
29 May 2026 Fri
veena vijayan ed case

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകള്‍ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ. ടിയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും. മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡയറിയിലുള്ള മറ്റു പേരുകളെക്കുറിച്ചും അന്വേഷണം

സിഎംആര്‍എല്‍ ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു. ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഡയറിയിലുള്ളതായി നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നു.

ചോദ്യം ചെയ്യല്‍ തുടരും

സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ ഇ.ഡി ചോദ്യം ചെയ്യല്‍ തുടരും. പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും കരിമണല്‍ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി തയാറെടുക്കുന്നത്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം സമന്‍സ് നല്‍കാനാണ് ഇ.ഡി നീക്കം. ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങാതെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് കൊച്ചി സോണല്‍ ഓഫിസിന് ഇ.ഡി ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

200ലധികം രേഖകളാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. ഇതിനൊപ്പം വീണാ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചെന്നും പരിശോധനയില്‍ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍ എന്നിവ കണ്ടെത്തിയതായും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

സിഎംആര്‍എല്‍ വീണ്ടും ഹൈക്കോടതിയിലേക്ക്

അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഉടന്‍ അപ്പീല്‍ നല്‍കും. മാസപ്പടിക്കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് ഇ ഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളില്‍ പരിശോധന തുടങ്ങി. വീണയുടെ പിടിച്ചെടുത്ത ഫോണും കര്‍ത്തയുടെ ലാപ് ടോപ്പും അടക്കം വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.

അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 13 സിപിഎം പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്യും. 18 സിപിഎം പ്രവര്‍ത്തകരാണ് ആക്രമണ കേസില്‍ ഇതുവരെ അറസ്റ്റിലായത്.

കോഴിക്കോട്ടും കേസ്

എം.എല്‍.എ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വീട്ടില്‍ നടത്തിയ ഇ.ഡി റെയ്ഡില്‍ പ്രതിഷേധിച്ച സി.പി.എം നേതാക്കള്‍ക്കെതിരെയും കേസെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് അടക്കം 57 പേര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായ സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുള്ളത്.