ബലി പെരുന്നാളിന് മുമ്പായി ഭൂരിഭാഗം പേര്‍ക്കും പെന്‍ഷന്‍ ലഭിക്കാത്തതില്‍ സഹകരണ സംഘങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് രേഖകള്‍. സര്‍ക്കാര്‍ ഉത്തരവ് വൈകിയതും ട്രഷറിയില്‍ സമയത്ത് പണമെത്താത്തതുമാണ് ഭൂരിഭാഗം പേര്‍ക്കും പെന്‍ഷന്‍ ലഭിക്കാത്തിന് കാരണമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെ സഹകരണ ബാങ്കുകള്‍ മനപൂര്‍വ്വം പണം പിടിച്ചുവച്ചതാണ് പെന്‍ഷന്‍ വൈകാന്‍ കാരണമെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.
|
മെയ് 19ന് ആണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിക്കുന്നത്്. പെരുന്നാളിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ മെയ് 25ന് ആണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് ഉത്തരവാകുന്നത്. സര്‍ക്കാര്‍ ജാള്യത മറയ്ക്കാനാണ് സഹകരണ സംഘങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു.
19-05-26ന് പെന്‍ഷന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, ഇതിനാവശ്യമായ പണം അന്ന് ട്രഷറികളിലേക്ക് കൈമാറ്റം ചെയ്തില്ല. 23നാണ് എത്ര പണം വേണമെന്ന് വിലയിരുത്തി തീരുമാനമെടുത്തത്. 25ആം തിയ്യതിയാണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നത്.
പിന്നീട് പണം വിതരണം ചെയ്യുന്നതിനും മറ്റും 26ന് ഒരു ദിവസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 27നും 28നും പെരുന്നാള്‍ അവധിയായിരുന്നു.
മാത്രമല്ല പല സഹകരണ സംഘങ്ങളുടെ അക്കൗണ്ടുകളിലും ആ സമയത്ത് പണം എത്തിയിരുന്നില്ല. ജൂണ്‍ 5ന് അകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കിയാല്‍ മതി എന്നും ഉത്തരവില്‍ കൃത്യമയി പറയുന്നുണ്ട്.
10 വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ വിതരണത്തില്‍ തടസ്സം
കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരിക്കുന്നത്. കേരളത്തില്‍ പെന്‍ഷന്‍ ലഭിക്കുന്ന പകുതിയാളുകളിലേക്ക് പോലും പണമെത്തിയിട്ടില്ലെന്നാണ് വിവരം. സഹകരണ ബാങ്കുകള്‍ വഴി ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട്. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ ഫണ്ട് വരാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.
ബലിപെരുന്നാളിന് മുമ്പായി സാമൂഹ്യക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടും അത് വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ അനുവദിച്ച തുക പല സഹകരണ ബാങ്കുകളിലും വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ബാങ്കുകളിലേക്ക് മതിയായ പണമെത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
പെന്‍ഷന്‍ 3,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പണം കൃത്യമായി ലഭിക്കില്ലേ എന്ന ചോദ്യം ഉപഭോക്താക്കള്‍ ചോദിക്കുന്നുണ്ട്. ജീവിതച്ചെലവുകള്‍ക്കായി പെന്‍ഷന്‍ തുക മാത്രമുള്ള ആളുകളാണ് പണം ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായത്. എന്നാല്‍ വൈകാതെ വിതരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
പ്രതിസന്ധിയിലായി സ്ത്രീ സുരക്ഷ പെന്‍ഷന്‍കാരും
പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷ പെന്‍ഷന്റെ വിതരണവും നിലച്ച മട്ടാണ്. ഏപ്രില്‍ മാസത്തെയും മെയ് മാസത്തെയും ഗഡുവാണ് ലഭിക്കാനുള്ളത്. ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും മെയ് മാസത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ വലയുകയാണ് ഉപഭോക്താക്കള്‍. രണ്ട് മാസത്തെ ഗഡുക്കള്‍ ഒന്നിച്ചെത്തുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ല.
Uncertainty surrounds the distribution of Kerala Welfare Pension



