ക്രിക്കറ്റ് പരിശീലനത്തിനു വന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ചിന് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എമ്മി(40)നെയാണ് 16 വര്‍ഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ ഒടുക്കില്ലെങ്കില്‍ രണ്ടര വര്‍ഷം തടവ് കൂടുതലായി അനുഭവിക്കണം.
|
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുട്ടി പരിശീലനത്തിനായി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ എത്തുന്നത്. ആദ്യ കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേയ്ക്ക് കൊണ്ട് പോയാണ് പ്രതി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്‌ന ഫോട്ടോ എടുത്തു നല്‍കാനും പ്രതി പെണ്‍കുട്ടിയെ പലതവണ നിര്‍ബന്ധിച്ചിരുന്നു എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. മാത്രമല്ല ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതിനാല്‍ 2021ല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി.
പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന ്ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. 2024ല്‍ തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാന്‍ എത്തിയ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതോടെ ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്.



