01
Jun 2026
Mon
01 Jun 2026 Mon
milma milk price

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ പാലിനും തൈരിനും ചെലവേറും. മില്‍മ പാല്‍ ലിറ്ററിന് നാല് രൂപയും തൈര് കിലോഗ്രാമിന് 10 രൂപയും വര്‍ധിച്ചു. വില വര്‍ധനവുണ്ടെങ്കിലും പഴയ വില പ്രിന്റ് ചെയ്ത പാക്കറ്റുകളില്‍ തന്നെയാണ് വില്‍പന നടക്കുക. പുതിയ നിരക്ക് പ്രിന്റ് ചെയ്തുള്ള പാക്കറ്റുകള്‍ വിപണിയിലെത്താന്‍ ഒരു മാസത്തോളം സമയമെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെയ്യ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വിലയും വരും ദിവസങ്ങളില്‍ ഉയര്‍ത്താനാണ് മില്‍മയുടെ തീരുമാനം. ക്ഷീരകര്‍ഷകരുടെ വര്‍ധിച്ചുവരുന്ന ചെലവ് പരിഗണിച്ചാണ് വില വര്‍ധനവ് നടത്തുന്നതെന്നാണ് മില്‍മയുടെ വാദം. നിലവിലെ വര്‍ധനവ് പ്രകാരം, ആകെ വര്‍ധനവിന്റെ 83.75 ശതമാനം തുകയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. അതായത്, 3.35 രൂപയുടെ വരുമാനം കര്‍ഷകര്‍ക്ക് ഉണ്ടാകും.

ലാഭമില്ലെന്ന് കര്‍ഷകര്‍

ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയാണ് മില്‍മ തങ്ങളുടെ ഉത്പന്നങ്ങളുടെ വില്‍ വര്‍ധിപ്പിക്കുന്നതെങ്കിലും തങ്ങള്‍ക്ക് വലിയ ലാഭം ഇതില്‍ നിന്നും ഉണ്ടാകില്ലെന്നാണ് കര്‍ഷകരുടെ വാദം. പത്ത് ശതമാനം നഷ്ടം ഇപ്പോഴും നേരിടേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റ വിലയിലെ വര്‍ധനവ് മൂലമാണ് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്.

കഴിഞ്ഞ മാസമാണ് കാലിത്തീറ്റ, ചോളപ്പൊടി, ഗോതമ്പ് തവിട്, പരുത്തി, പിണ്ണാക്ക് തുടങ്ങി കന്നുകാലികള്‍ക്ക് കൊടുക്കുന്ന എല്ലാത്തിനും വില വര്‍ധിച്ചത്. കാലിത്തീറ്റയ്ക്ക് 30 രൂപയുടെ വര്‍ധനവായിരുന്നു സംഭവിച്ചത്. ഈ വിലവര്‍ധനവ് പലരെയും കന്നുകാലി വളര്‍ത്തല്‍ പോലും ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു.

ക്ഷീരസംഘങ്ങളില്‍ നിന്നും ഒരു ലിറ്റര്‍ പാലിന് 46-47 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മില്‍മ സംഘത്തിന് പാല്‍ കൊടുക്കുമ്പോള്‍ 48.50 രൂപ വരെയും നേടാനാകുന്നു. എന്നാല്‍ കുഞ്ഞത് 60 രൂപയെങ്കിലും തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് ലഭിക്കുകയാണെങ്കില്‍ മാത്രമേ കന്നുകാലി വളര്‍ത്തല്‍ ലാഭകരമാകൂവെന്നാണ് അവരുടെ പക്ഷം.

മില്‍മയുടെ പുതുക്കിയ നിരക്കുകള്‍

ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (500 മില്ലി- മില്‍മ സ്മാര്‍ട്- മഞ്ഞ കവറിന് 27 രൂപ, നേരത്തെ 25 രൂപയായിരുന്നു വില ഉണ്ടായിരുന്നത്.
ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (525 മില്ലി)- നീല കവറിന് നേരത്തെ 28 രൂപയും ഇനി മുതല്‍ 30 രൂപയും നല്‍കണം.
മില്‍മ പ്രൈഡ് (500 മില്ലി-ഹോമോജനൈസ്ഡ്)- ഓറഞ്ച് കവറിന് ഇനി മുതല്‍ 30 രൂപയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്, നേരത്തെ 28 രൂപയായിരുന്നു വില.
മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്ക് (500 മില്ലി ഹോമോജനൈസ്ഡ്)- പച്ച കവര്‍ പാലിന് നേരത്തെ 29 രൂപയും ഇനി മുതല്‍ 32 രൂപയുമാണ് വില ഈടാക്കുന്നത്.
കൗ മില്‍ക്ക് ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി മുതല്‍ ഉപഭോക്താക്കള്‍ 75 രൂപ നല്‍കണം. നേരത്തെ ഇത് 70 ആയിരുന്നു ഈ പാലിന്റെ വില.

തൈരിന്റെ വില

ക്ലാസി തൈര് 525 ഗ്രാമിന്റെ പാക്കറ്റിന് ഇനി മുതല്‍ 40 രൂപയാണ് വില. നേരത്തെ 35 രൂപയ്ക്കായിരുന്നു ഈ തൈരിന്റെ വില്‍പന. എലൈറ്റ് തൈര് 500 ഗ്രാം പാക്കറ്റിന് നേരത്തെ 40 രൂപയായിരുന്നുവെങ്കില്‍ ജൂണ്‍ 1 മുതല്‍ 45 രൂപ നല്‍കണം.

Revised prices for Milma milk and curd