10
Jun 2026
Wed
10 Jun 2026 Wed
gold price decrease in kerala

Kerala gold rate today തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 3,160 രൂപ കുറഞ്ഞ്1,09,160 രൂപയായി. ഒരു ഗ്രാമിന് 395 രൂപയാണ് കുറഞ്ഞത്. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണ വില 12 ദിവസത്തിന് ശേഷം ഇന്നലെ വര്‍ധിച്ചിരുന്നു. ഗ്രാമിന് 135 രൂപ കൂടി 14,040 രൂപയും പവന് 1,080 രൂപ കൂടി 1,12,320 രൂപയുമായിരുന്നു വില. എന്നാല്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്തതോടെ സ്വര്‍ണ വില വീണ്ടും ഇടിയുകയായിരുന്നു

യു.എസ്, ഇസ്രായേല്‍-ഇറാന്‍ അടക്കമുള്ള അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് രാഷ്ട്രീയ പ്രതിസന്ധികളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കാനുള്ള പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

രാജ്യാന്തര വിപണിയില്‍ യു.എസ് ഡോളര്‍ ശക്തമാകുകയോ അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡുകള്‍ ഉയരുകയോ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ഡോളറിലേക്ക് മാറ്റാന്‍ തുടങ്ങും.

ALSO READ: വഴി ചോദിച്ചെത്തിയ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞത് അറുപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച്

ഇത് സ്വര്‍ണവില കുറയാന്‍ കാരണമാകുന്നു. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുകയോ അല്ലെങ്കില്‍ പലിശ നിരക്ക് കുറക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യുമ്പോള്‍ സ്വര്‍ണത്തോടുള്ള താല്‍പര്യം നിക്ഷേപകര്‍ക്ക് കുറയാറുണ്ട്. പലിശ നല്‍കാത്ത ഒരു നിക്ഷേപമായതിനാല്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ സ്വര്‍ണത്തിന് തിരിച്ചടിയാകും.

സ്വര്‍ണവില ലക്ഷം രൂപയിലും കുറയുമോ?

അതേസമയം, യുഎസിലെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും. ഇതും വിലയിടിവിന് കാരണമായിട്ടുണ്ട്. പണപ്പെരുപ്പം കൂടുമെന്നാണ് നിഗമനം. അങ്ങിനെയെങ്കില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കാം. ഇത് രാജ്യാന്തര സ്വര്‍ണവില കൂടുതല്‍ ഇടിവിന് കാരണമാകുകയും ചെയ്‌തേക്കും. രാജ്യാന്തര വില ഔണ്‍സിന് 4000 ഡോളറിനും താഴേക്കെത്തിയാല്‍ കേരളത്തില്‍ പവന് ഒരുലക്ഷം രൂപയുടെ താഴെ എത്തിയേക്കാം. എന്നാല്‍, പശ്ചിമേഷ്യ ശാന്തമാവുകയും എണ്ണവില താഴുകയും ഡോളര്‍ ഇടിയുകയും ചെയ്താല്‍ സ്വര്‍ണവില തിരിച്ചുകയറും.

അതേസമയം, ഈ മാസം ആദ്യം രേഖപ്പെടുത്തിയ 1,14,560 രൂപയാണ് ഈ മാസം ഇതുവരെയുള്ള ഏറ്റവും കൂടിയ വില. ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെ സ്വര്‍ണവില മാറ്റമില്ലാതെ ഇതേ രീതിയില്‍ തുടരുകയായിരുന്നു. പിന്നീട് വില പതിയെ കുറയാന്‍ ആരംഭിച്ചു. ഇന്നലെ ചെറിയൊരു വര്‍ധനയുണ്ടായെങ്കിലും ഇന്ന് വീണ്ടും കുത്തനെ ഇടിയുകയായിരുന്നു.