ടെലിവിഷന്‍ പരമ്പരകളായ ‘കുംകും ഭാഗ്യ’, ‘വാഗ്ലെ കി ദുനിയ’ എന്നിവയിലൂടെ ശ്രദ്ധേയയായ നടി സഞ്ചിത ഉഗാലെ ജൂണ്‍ 14-നാണ് ജീവനൊടുക്കിയത്. 22-ാം വയസ്സിലെ നടിയുടെ വിയോഗം സിനിമാ-സീരിയല്‍ ലോകത്തെയും ആരാധകരെയും കടുത്ത ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഞ്ചിത പങ്കുവെച്ച അവസാന ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ഇപ്പോള്‍ അനുശോചന പ്രവാഹമാണ്.
|
സഞ്ചിതയുടെ അവസാന പോസ്റ്റ്
പരമ്പരാഗത ശൈലിയിലുള്ള പീച്ച്-പിങ്ക് വസ്ത്രം ധരിച്ച് ‘ദഫ്ലി വാലെ ദഫ്ലി ബജാ’ എന്ന പ്രശസ്തമായ ഗാനത്തിന് ലിപ്-സിങ്ക് ചെയ്യുന്ന വീഡിയോയാണ് സഞ്ചിത അവസാനമായി പങ്കുവെച്ചത്.
View this post on Instagram
‘അവരെ ഒന്ന് നോക്കൂ… അവര്‍ക്ക് ഒരിക്കലും ജീവനൊടുക്കാന്‍ കഴിയില്ല, അത്രയേറെ സന്തോഷവതിയായാണ് കാണപ്പെടുന്നത്,’ എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോള്‍, ‘അവര്‍ ജീവിതം ആസ്വദിക്കുകയായിരുന്നു, വളരെ സന്തോഷവതിയായിരുന്നു,’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘മിസ്സ് ചെയ്യുന്നു ചേച്ചി, ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ല; മനസ്സ് വിങ്ങുന്നു, ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല,’ ‘ഇങ്ങനെ ചെയ്യാന്‍ മാത്രം വിഷമം ഉള്ള ഒരാളായി തോന്നുന്നതേയില്ല,’ ‘ആദരാഞ്ജലികള്‍, വിശ്വസിക്കാനാകുന്നില്ല,’ എന്നിങ്ങനെ നീളുന്നു മറ്റു കമന്റുകള്‍.
ഇന്‍സ്റ്റാഗ്രാമില്‍ 1,40,000-ത്തിലധികം ഫോളോവേഴ്സ് സഞ്ചിതയ്ക്കുണ്ടായിരുന്നു.
സംഭവിച്ചത് എന്ത്?
പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, ജൂണ്‍ 14-ന് നലാസോപാര ഈസ്റ്റിലെ അച്ചോളെ വില്ലേജിലുള്ള സായി സന്തോഷി ബില്‍ഡിംഗിലെ സഞ്ചിതയുടെ വസതിയിലാണ് സംഭവം നടന്നത്.
അച്ചോളെ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് ബാഗ് വ്യക്തമാക്കുന്നത് പ്രകാരം, വൈകുന്നേരം 7 മണിക്കും 7:30 നും ഇടയില്‍ നടി സ്വന്തം കിടപ്പുമുറി ഉള്ളില്‍ നിന്ന് പൂട്ടി സാരി ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടിയെ ഉടന്‍ തന്നെ വസായ്-വിരാര്‍ മുന്‍സിപ്പല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചത്. നടിയുടെ പിതാവ് മച്ചിന്ദ്ര ഉഗാലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ (BNSS) സെക്ഷന്‍ 194 പ്രകാരം അച്ചോളെ പോലീസ് ജൂണ്‍ 15-ന് അസ്വാഭാവിക മരണത്തിന് (ADR) കേസെടുത്തു.
—
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ സഹായത്തിനായി വിദഗ്ദ്ധരുടെ സേവനം തേടുക. ദിശ ഹെല്‍പ്പ് ലൈന്‍: 1056).
Sanchita Ugale’s Last Instagram Post Goes Viral


